വ്യാജ സിഡി റെയ്ഡ്: ഋഷിരാജ് സിംഗിനെ തിരച്ചെടുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: വ്യാജ സിഡിയുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്താന്‍ മുതിര്‍ന്നതിനെത്തുടര്‍ന്ന് ആന്റി പൈറസ് സെല്‍ തലവന്‍ സ്ഥാനം നഷ്ടമായ ഐജി ഋഷിരാജ് സിംഗിന് തല്‍സ്ഥാനം തിരിച്ചുനല്‍കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി.
ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല സിംഗിനെ സ്ഥാനഭ്രഷ്ടനാക്കിയ സംവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്റുഡിയോയില്‍ വ്യാഴാഴ്ച വൈകീട്ട് റെയ്ഡ് നടത്താന്‍ശ്രമിച്ചതിനെത്തുടര്‍ന്ന് ഫാക്സ് സന്ദേശം വഴിയാണ് ഡിജിപി സിംഗിനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് നീക്കിയത്.
കൊച്ചിയിലെ തമ്മനത്താണ് തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാന്‍ സ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ഇവിടെ വ്യാജ സിഡി നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് ദില്ലിയിലെ ആന്റി പൈറസി പ്രിവന്‍ഷന്‍ അസോസിയേഷന് പരാതിലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീനയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
പൊലീസ് സംരക്ഷണത്തിനായി ഏറണാകുളത്തെ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസിനെയും നിയോഗിച്ചു. ഇത്തരം സംഘം പരിശോധന നടത്തുമ്പോള്‍ സഹായവും പിന്തുണയും നല്‍കേണ്ടത് സംസ്ഥാന ആന്റി പൈറസി ഓഫീസറായ ക്രൈം ബ്രാഞ്ച് ഐജി ഋഷിരാജ് സിംഗാണ്. അതിനാല്‍ അദ്ദേഹവും സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് മിനിറ്റുകള്‍ക്കിടയിലാണ് സിംഗിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് സന്ദേശം വന്നത്. തുടര്‍ന്ന് പരിശോധന നടത്താതെ സംഘം പിന്മാറുകയായിരുന്നു. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഇതിനുമുമ്പ് നടന്ന റെയ്ഡില്‍ നിരവധി വ്യാജ സിഡികള്‍ പിടിച്ചെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു വ്യാഴാഴ്ചത്തെ പരിശോധന.












Click it and Unblock the Notifications