എന്‍സിപി പ്രശ്നം: ഇടതു മുന്നണിയിലും സിപിഎമ്മിലും ഭിന്നതതലപൊക്കുന്നു
തിരുവനന്തപുരം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും വിജയം നിലനിര്‍ത്തിയ ഇടതുമുന്നണിയില്‍ വിജയാഹ്ലാദം അവസാനിയ്ക്കുംമുമ്പേ പുതിയ അങ്കത്തിന് അരങ്ങൊരുങ്ങുന്നു.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ പോളിംഗ് ദിനം വരെ എല്‍ഡിഎഫ് ഒറ്റക്കെട്ടായി മറ്റുമുന്നണികളോടാണ് അങ്കം പ്രഖ്യാപിച്ചിരുന്നതെങ്കില്‍ പുതിയ അങ്കം മുന്നണിയെ കക്ഷികള്‍ക്കിടയിലും കക്ഷികളിലെ വ്യത്യസ്ഥ പക്ഷക്കാര്‍ക്കിടയിലുമാണ് ആരംഭിച്ചിരുന്നത്.
കരുണാകരനും മകനും അവരുള്‍പ്പെടുന്ന എന്‍സിപിയുമാണ് ഇപ്പോള്‍ മുന്നണിയുടെ പ്രശ്നം. ഇതുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ദിവസം തന്നെ അച്യുതാനന്ദനും പിണറായിയും പ്രസ്താവനകളിലൂടെ കൊമ്പുകോര്‍ത്തിട്ടുണ്ട്.
കരുണാകരനുള്‍പ്പെട്ട എന്‍സിപി എല്‍ഡിഎഫിന്റെ വിജയത്തിനായി സഹായിച്ചുവെന്നാണ് സിപിഎം സംസ്ഥാന പ്രസിഡന്റ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് എന്‍സിപിയെ മുന്നണിയില്‍ത്തന്നെ നിലനിര്‍ത്തുന്നതില്‍ പിണറായിയ്ക്ക് എതിര്‍പ്പില്ലെന്നുള്ളതിന്റെ സൂചനായാണ് നല്‍കുന്നത്.
എന്നാല്‍ അത് തിരിച്ചറിഞ്ഞെന്നോണം തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ സാന്നിദ്ധ്യം വോട്ടുകുറച്ചുവെന്നും വിലയിരുത്തിയ അച്യുതാനന്ദന്‍ കരുണാകരനോടുള്ള മനോഭാവത്തില്‍ മാറ്റിമില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
പിണറായി മാത്രമല്ല പാലൊളി മുഹമ്മദ് കുട്ടിയെപ്പോലുള്ള കടുത്ത പിണറായി പക്ഷക്കാരും ഈ അഭിപ്രായത്തിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. ജയിച്ചുകയറിയ സിപിഎം നേതാവ് ജോര്‍ജ് എം തോമസും മത്സരഫലം അറിഞ്ഞയുടന്‍ തന്നെ വിജയത്തില്‍ എന്‍സിപി നിര്‍ണ്ണായക പങ്കുവഹിച്ചതായി സമ്മതിച്ചിട്ടുണ്ട്.
നിലവില്‍ പിണറായി പക്ഷവും വി.എസ് പക്ഷവും തമ്മിലുള്ള പ്രശ്നങ്ങളും സ്വരച്ചേര്‍ച്ചയില്ലായ്മയും രൂക്ഷമാകാന്‍ എന്‍സിപിപ്രശ്നം തന്നെ ധാരാളമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
മുന്നണിയിലെ പ്രമുഖകക്ഷിയായ സിപിഐയും കരുണാകരനോട് അയവുകാണിക്കാനിടയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. തിരുവമ്പാടിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞത് കരുണാകരന്റെ സാന്നിദ്ധ്യം തന്നെയാണെന്നാണ് അദ്ദേഹത്തിന്റെയും നിരീക്ഷണം.
എന്നാല്‍ മുന്നണിയിലും സിപിഎമ്മില്‍ത്തന്നെയും ഇത്തരം വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നതിനിടയ്ക്ക് എന്‍സിപിയെ ഇടുതുമുന്നണിയ്ക്ക് മാറ്റി നിര്‍ത്താനാവില്ലെന്നാണ് ലീഡറുടെ പക്ഷം.
ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത് എന്‍സിപിയുടെ നിലപാടാണെന്നും കരുണാകരനും മുരളിലും മാറി മാറി വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു.
തിരുവമ്പാടി തിരഞ്ഞെടുപ്പിന് ശേഷംമാത്രമേ എന്‍സിപി പ്രശ്നത്തില്‍ തീരുമാനമെടുക്കുകയുള്ളു എന്ന് മുന്നണി നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആ നിലയ്ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരിക്കും തുടര്‍ന്ന് മുന്നണിയില്‍ പൊതുവേയും സിപിഎമ്മില്‍ പ്രത്യേകിച്ചും ഉണ്ടാകാന്‍ പോകുന്നത്. ഈ പ്രശ്നത്തിലായിരിക്കും പിണറായിയും വിഎസും ഇനി ശക്തിതെളിയിക്കാന്‍ പോകുന്നത്.












Click it and Unblock the Notifications