റബ്കോയില്‍ സമരം നേരിടാന്‍ ലോക്കൗട്ട്
കണ്ണൂര്‍: തലശ്ശേരിയിലെ ചോനാടത്തു പ്രവര്‍ത്തിക്കുന്ന റബ്കോ ഫാക്ടറിയില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ലോക്കൗട്ട് പ്രഖ്യാപിച്ചു. സിഐടിയു മാത്രം ട്രേഡ് യൂണിയനായുള്ള ഫാക്ടറിയില്‍ തൊഴിലാളികള്‍ നടത്തുന്ന സമരത്തെ നേരിടാനാണ് സിപിഎം നേതാവ് ഇ.നാരായണന്‍ ചെയര്‍മാനായ റബ്കോ ലോക്കൗട്ട് പ്രഖ്യാപിച്ചു.
റബ്കോയുടെ തടി സംസ്കരണ ഫാക്ടറിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ വ്യാഴാഴ്ചയാണ് പണിമുടക്ക് ആരംഭിച്ചത്. റബ്കോ ഗ്രൂപ്പിലെ മുഴുവന്‍ യൂണിറ്റിലെയും തൊഴിലാളികളുടെ ശമ്പളം ഏകീകരിയ്ക്കുക, ആറുമാസം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ കമ്പനിയുടെ ഗേറ്റില്‍ പോസ്ററും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ നോട്ടീസ് നല്‍കാതെയും യൂണിയന്റെ അനുവാദം വാങ്ങാതെയുമാണ് തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചതെന്ന് റബ്കോ ചെയര്‍മാന്‍ ഇ. നാരായണന്‍ പറഞ്ഞു. 135 രൂപ ദിവസകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്ക് മറ്റ് ആനുകൂല്യങ്ങളായി 40 രൂപയോളം ലഭിക്കുന്നുണ്ട്. 2006 ജൂണില്‍ 4.20രൂപ വര്‍ദ്ധനയും നല്‍കിയിട്ടുണ്ട്.
ഏഴുവര്‍ഷമായി ശമ്പള പരിഷ്കരണം നടത്താതിരുന്ന തൊഴിലാളികള്‍ക്കാണ് ശംബളം കൂട്ടി നല്‍കിയിരിക്കുന്നത്. സാങ്കേതിക വിധഗ്ദര്‍ക്ക് നല്‍കുന്ന വേതനം തൊഴിലാളികള്‍ക്ക് നല്‍കാനാകില്ല. തൊഴിലാളികള്‍ സമരം നിര്‍ത്തി ജോലിയ്ക്കെത്തിയാല്‍ ആവശ്യങ്ങള്‍ പരിഗണിയ്ക്കും- നാരായണന്‍ വ്യക്തമാക്കി.
സിഐടിയുവിലെഒരു വിഭാഗം തൊഴിലാളികളാണ് സമരം നടത്തുന്നത്. യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ഇത് യൂണിയനിലും പാര്‍ട്ടിയിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ഇവിടെ ആകെ ഒരുതൊഴിലാളി യൂണിയന്‍ മാത്രമേയുള്ളുവെന്നും അത് പണിമുടക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും ഞായറാഴ്ച തൊഴിലാളികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും റബ്കോ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി. ജയരാജന്‍ എംഎല്‍എ അറിയിച്ചു.
പണിമുടക്ക് നിയമവിരുദ്ധമാണെന്നും യൂണിയനുമായുള്ള ധാരണപ്രകാരം ഇതിനായി മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതുണ്ടെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് ഡി. മാത്യു പറഞ്ഞു. ഫാക്ടറി പൂട്ടിയതല്ല തൊഴിലാളി സമരത്തെത്തുടര്‍ന്ന് ലോക്കൗട്ട് പ്രഖ്യാപിക്കുക മാത്രമേ ചെയ്തിട്ടുള്ളു.
ഒരു വിഭാഗം തൊഴിലാളികള്‍ ജോലിചെയ്യുമ്പോള്‍ മറ്റൊരു വിഭാഗമെത്തി തടസപ്പെടുത്തുകയാണ്. സമരം ചെയ്യുന്നവര്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസോ പണിമുടക്ക് തുടങ്ങുന്ന നോട്ടീസോ നല്‍കിയിട്ടില്ല- ജേക്കബ് ആരോപിച്ചു.
റബ്കോയുടെ കൂത്തുപറമ്പിലുള്ള യൂണിറ്റിനെ സമരം ബാധിച്ചിട്ടില്ല. അവിടെ പതിവുപോലെ ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications