വി.എസ് തുറന്ന പോരിന്
മുംബൈ: ഋഷിരാജ്സിംഗിന് ആന്റി പൈറസി വിഭാഗം നോഡല്‍ ഓഫീസറുടെ ചുമതല തിരികാനുള്ള തന്റെ നിര്‍ദേശം നടപ്പിലാക്കാത്തതിനെ ചൊല്ലി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തുറന്ന പോരിന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയിലേക്ക് ഈ സര്‍ക്കാര്‍ മൂക്കുകുത്തുകയാണെന്ന സൂചനയാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നതെന്ന് വി.എസ് പറഞ്ഞു.
ഋഷിരാജ്സിംഗിന് ചുമതല തിരികെ നല്‍കാത്തതിനെ കുറിച്ച് ആഭ്യന്തരമന്ത്രിയെ കാണുമ്പോള്‍ വിശദീകരണം തേടുമെന്ന് വി.എസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഇതു സംബന്ധിച്ച് കേരള ഹൗസില്‍ രണ്ടു വട്ടം വാര്‍ത്താസമ്മേളനം നടത്തിയാണ് തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.
പകല്‍ രണ്ടു വട്ടം കോടിയേരിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഞായറാഴ്ച മുംബൈയില്‍ വച്ച് കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇക്കാര്യമായിരിക്കും- വി.എസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിജിപിയെ വിളിപ്പിക്കുന്നതിന് മുമ്പ് കോടിയേരിയെ വിളിച്ചിരുന്നു. ഋഷിരാജ്സിംഗിനെ പദവിയില്‍ നിന്നു നീക്കിയതിനെ കുറിച്ച് തനിക്കറിയില്ല എന്നാണ് കോടിയേരി പറഞ്ഞത്. ഋഷിരാജ്സിംഗിനെ നീക്കിയത് അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന നടപടിയാണ്.
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് വഴി തെറ്റിയ സംഭവത്തെയും ആഭ്യന്തരവകുപ്പിലെ അഴിമതിയുമായി മുഖ്യമന്ത്രി ബന്ധിപ്പിച്ചു. പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനം ടാക്സി ഡ്രൈവര്‍ ഓടിച്ചത് ടാക്സി ഡ്രൈവര്‍മാര്‍ പൊലീസ് ഓഫീസര്‍മാര്‍ പറയുന്ന ബില്ലുകളിലെല്ലാം ഒപ്പിട്ടുകൊടുക്കുന്നതു കൊണ്ടാണെന്നും ഈ അഴിമതി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications