എന്‍സിപിയെ പുറത്താക്കി
തിരുവനന്തപുരം: എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്നും പുറത്താക്കി. തിങ്കളാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഡിഐസി എന്‍സിപിയില്‍ ലയിച്ചതോടെ എന്‍സിപി പുതിയൊരു പാര്‍ട്ടിയായി കഴിഞ്ഞുവെന്ന നിലപാടിലാണ് ഇടതുമുന്നണി യോഗം എത്തിച്ചേര്‍ന്നത്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് എന്‍സിപിയെ മുന്നണിയില്‍ നിന്നു പുറത്താക്കുന്നത്. തീരുമാനം ഐക്യകണ്ഠേനയായിരുന്നുവെന്ന് യോഗത്തിനു ശേഷം ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡിഐസിയെ ഇടതുമുന്നണിയിലെടുക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ഡിഐസി എന്‍സിപിയില്‍ ലയിച്ച സാഹചര്യത്തില്‍ എന്‍സിപിയെ മുന്നണിയില്‍ നിലനിര്‍ത്താനാവില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
നേരത്തെ ഇടതുമുന്നണി യോഗം ആരംഭിച്ചപ്പോള്‍ എന്‍സിപി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനാല്‍ എന്‍സിപി നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് ഇവര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു.
എന്‍സിപിയെ ഇടതുമുന്നണിയില്‍ നിലനിര്‍ത്തരുതെന്ന സിപിഐയുടെയും ആര്‍എസ്പിയുടെയും കടുത്ത നിലപാടാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ പ്രധാനമായും കാരണമായത്.
ഇടതുമുന്നണി യോഗം ആരംഭിക്കുന്നതിനു മുമ്പ് എ.കെ.ജി സെന്ററിലെത്തി എന്‍സിപി നേതാക്കള്‍ പിണറായി വിജയനുമായും വൈക്കം വിശ്വനുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ എന്‍സിപി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മുന്നണിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സിപിഎം നേതാക്കള്‍ നിര്‍ദേശിച്ചതായാണ് അറിയുന്നത്.












Click it and Unblock the Notifications