മുഖ്യമന്ത്രിയുടേത് ജാള്യം മറയ്ക്കാനുള്ള നാടകം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: എഡിബി വായ്പയ്ക്കുള്ള കരാറില്‍ ഒപ്പുവച്ചത് താന്‍ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജാള്യത മറയ്ക്കാനുള്ള നാടകം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
ബജറ്റ് പ്രസംഗത്തിലും ബജറ്റ് രേഖകളിലും പദ്ധതിയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരകത്തോടെയാണ് പദ്ധതി നടത്തിപ്പാനായി തസ്കികകള്‍ സൃഷ്ടിച്ചത്. കരാര്‍ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് ഫയില്‍ അഞ്ച് ദിവസത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. എന്നിട്ടും കരാര്‍ ഒപ്പുവച്ചത് തന്റെ അറിവോടെയല്ലെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ടെക്നോസിറ്റിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അന്ന് അതിന് തടസം നിന്നത് പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു. ഇപ്പോള്‍ അതേ സ്ഥലം തന്നെ ഏറ്റെടുക്കാനാന്‍ പോവുകയാണ്. അന്ന് സ്ഥലം ഏറ്റെടുത്തതിന് തടസം നിന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കണം.
മുഖ്യമന്ത്രിക്കു മന്ത്രിമാരെ നീക്കം ചെയ്യാനും വകുപ്പ് മാറ്റാനും അധികാരമുണ്ടെങ്കിലും ഏതെങ്കിലും വകുപ്പില്‍ ഇടപെടുമ്പോള്‍ അത് ബന്ധപ്പെട്ട മന്ത്രിമാര്‍ വഴിയായിരിക്കണമെന്നാണ് കീഴ്വഴക്കം. അതിന് വിപരീതമായാണ് ആഭ്യന്തരവകുപ്പില്‍ സംഭവിച്ചത്. പല അധികാര കേന്ദ്രങ്ങളാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications