സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് പുന:സംഘടിപ്പിച്ചു
ആലപ്പുഴ: സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ് പുന:സംഘടിപ്പിച്ചതായി പാര്‍ട്ടി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.
ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രാനന്ദന്‍, സി. ബി ചന്ദ്രബാബു, ജി. വേണുഗോപാല്‍, കെ.കെ ചെല്ലപ്പന്‍, എം. സുരേന്ദ്രന്‍, ആര്‍. നാസര്‍, കെ. പ്രസാദ്, എം. ആര്‍ രാജശേഖരന്‍, വി.ജി കുട്ടപ്പന്‍, സി.കെ സദാശിവന്‍, ഡി. ലക്ഷ്മണന്‍ എന്നിവരാണ് പുന:സംഘടിപ്പിച്ച കമ്മറ്റിയിലെ അംഗങ്ങള്‍.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മറ്റിയംഗം എം.എ ബേബി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് പുന:സംഘടന നടത്തിയത്.
അച്യുതാനന്ദന്‍ പക്ഷക്കാരായ എന്‍.ആര്‍ ബാബുരാജ്, എന്‍. സജീവന്‍, എന്‍. രാമകൃഷ്ണന്‍ നായര്‍, കെ.വി ദേവദാസ് എന്നിവരെയാണ് പതിനൊന്നംഗ സെക്രട്ടേറിയറ്റില്‍ നിന്ന് നീക്കം ചെയ്തത്. മന്ത്രിയായതിനെത്തുടര്‍ന്ന് ജി. സുധാകരന്‍ സ്വയം ഒഴിവായി.
ഇതോടെ ജില്ലാ സെക്രട്ടേറിയറ്റില്‍ വി.എസ് പക്ഷക്കാരുടെ എണ്ണം നാലായി കുറഞ്ഞു. സംസ്ഥാന സമ്മേളനങ്ങളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നാലുപേരെയും പുറത്താക്കിയത്.
വിഭാഗീയതയുടെ പേരില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തവര്‍ക്കെതിരെ നടപടിയെടുത്തത് നീതീകരിക്കാനാവില്ലെന്ന് വി.എസ് പക്ഷം ആരോപിച്ചു. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ പരമാവധി അംഗസംഖ്യ പതിനൊന്നാണെന്നും അത് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications