വികസനത്തിന്റെ രാഷ്ട്രീയത്തിനായി ഒന്നിക്കണം: രാഷ്ട്രപതി
തൃശൂര്‍: കേരളത്തെ വികസിത സംസ്ഥാനമാക്കി മാറ്റണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വികസനത്തിന് ഊന്നല്‍ നല്‍കണമെന്നും രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ആവശ്യപ്പെട്ടു.
തൃശൂരില്‍ കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാണ്. ഒരു പ്രദേശത്തെ വികസനത്തിലേക്ക് നയിക്കാന്‍ ആവശ്യമായ മൂന്ന് ഘടകങ്ങളായ ജനങ്ങളുടെ ഏക മനസ്സ്, രാജ്യത്തിന് പുറത്തു നിന്നുള്ള വരുമാനം, ജലസ്രോതസ്സുകളുടെ സമ്പന്നത എന്നിവ കേരളത്തിനുണ്ട്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വിദേശ വരുമാനമാണ് കേരളത്തിനുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വലുതാണ് കേരളമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ കേരളം വികസനത്തിലേക്ക് കുതിക്കും. ഗ്രാമീണ മേഖലകളിലും ആദിവാസിമേഖലകള്‍ക്കും ഉപകാരപ്രദമായ വിധത്തില്‍ വികസനപരിപാടികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട രാഷ്ട്രപതി അമ്പത് വര്‍ഷത്തെ നേട്ടങ്ങളില്‍ സംസ്ഥാനത്തെ അഭിനന്ദിച്ചു.
കേരളത്തിലെ കര്‍ഷകര്‍ സ്വീകരിച്ചു വരുന്ന ജൈവകൃഷി അഭിനന്ദനാര്‍ഹമാണ്. സംസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരു ജലപാത നിര്‍മ്മിക്കണം. ആ പാതയ്ക്ക് സ്മാര്‍ട്ട് വാട്ടര്‍ വേ എന്ന് പേരുനല്‍കണം. ഐടി വികസനം സംസ്ഥാന തലസ്ഥാനത്ത് മാത്രം ഒതുക്കി നിര്‍ത്താതെ മറ്റ് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിയ്ക്കണം- അദ്ദേഹം നിര്‍ദ്ദേശിച്ചു.
തൃശൂര്‍ തോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ, സാംസ്കാരിക മന്ത്രി എം.എ ബേബി, റവന്യൂ മന്ത്രി കെ.പിരാജേന്ദ്രന്‍, സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മേയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു .
വികസനകാര്യത്തില്‍ രാഷ്ട്രപതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് കേരളീയനാണ് രാഷ്ട്രപതി. ആഘോഷം മാത്രമേ സമാപിക്കുന്നുള്ളൂ. വികസന പ്രവര്‍ത്തനങ്ങള്‍ തുടരും. കാര്‍ഷിക വ്യവസായിക രംഗങ്ങളില്‍ സംസ്ഥാനം മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications