ഹാര്‍വാര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് ലാലുവിന്റെ ക്ലാസ്
ദില്ലി: റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവില്‍ നിന്നും മാനേജ്മെന്റ് തന്ത്രങ്ങള്‍ പഠിക്കാന്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലെയും വാര്ടോണിലെയും വിദ്യാര്‍ത്ഥികളെത്തുന്നു.
ഐഐഎം അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ ലാലു ക്ലാസെടുത്തിരുന്നു. ഇന്ത്യന്‍ റെയില്‍വെ ലാലുവിന് കീഴില്‍ കൈവരിച്ച വന്നേട്ടങ്ങളെ കുറിച്ച് പഠിക്കാനാണ് ഹാര്‍വാര്‍ഡിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 27ന് ദില്ലിയിലെത്തുന്നത്.
ഡിസംബര്‍ 27ന് രാവിലെ ഹാര്‍വാര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ ലാലുവിനെ കാണും. ഉച്ചക്ക് ശേഷം വാര്ടോണില് നിന്നുള്ള 37 വിദ്യാര്‍ത്ഥികളും ലാലുവിനെ കണ്ട് റെയില്‍വെ മാനേജ്മെന്റ് പാഠങ്ങള്‍ ഗ്രഹിക്കും.
ലാലുവിന്റെ കീഴില്‍ ഇന്ത്യന്‍ റെയില്‍വേ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് ഈ വിദ്യാര്‍ത്ഥികള്‍ കേസ് സ്റഡി ചെയ്യുന്നുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളും എച്ച്ഇസി പാരീസും സംയുക്തമായാണ് ഇന്ത്യന്‍ റെയില്‍വെയുടെ നേട്ടങ്ങളെ കുറിച്ച് പഠിക്കുന്നത്. വാര്ടോണും അമേരിക്കന്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയും ഇതുപോലെ കേസ് സ്റഡി നടത്തുന്നുണ്ട്.
ക്ലാസെടുക്കുന്നതിന് ലാലുവിനെ അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍ തങ്ങളുടെ കാമ്പസുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2007 ആദ്യം ലോകബാങ്ക് സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാനായി ലാലുവിനെ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തങ്ങളുടെ കാമ്പസുകളിലെത്തിക്കാനാണ് അമേരിക്കന്‍ യൂണിവേഴ്സിറ്റികളുടെ ശ്രമം. അതേ സമയം ലാലു ഇതുവരെ ലാലു ക്ഷണം സ്വീകരിച്ചിട്ടില്ല.