മുല്ലപ്പെരിയാര്‍: തമിഴ്നാടിനെതിരെ വി.എസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നം തമിഴ്നാട് വീണ്ടും കോടതിയിലേക്ക് വഴിച്ചിഴക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമായ നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികളുടെ സമ്മര്‍ദത്തിന് മുഖ്യമന്ത്രി കരുണാനിധി വഴങ്ങുകയാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ജയലളിതയെയും വൈക്കോയെയും പോലെയുള്ള രാഷ്ട്രീയനേതാക്കളുടെയും പാര്‍ട്ടികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത് ശരിയായ നടപടിയല്ല.
കേരളത്തിലും ഇത്തരത്തിലുള്ള വൈക്കോമാരുണ്ട്. അവര്‍ പലതും പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അതിന്റെ പുറകേ ഈ സര്‍ക്കാര്‍ പോയിട്ടില്ലെന്നും വി.എസ് പറഞ്ഞു. തികച്ചും സൗഹാര്‍ദ്ദപരമായി പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ദില്ലിയില്‍ കേരളവും തമിഴ്നാടും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസ് ചര്‍ച്ച പരാജയമാണെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും തമിഴ്നാട് തങ്ങളുടെ നിലപാട് മാറ്റി സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
തമിഴ്നാട് പുതിയ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ നെയ്യാറില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കുന്നത് നിര്‍ത്തലാക്കില്ലെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications