ഗുണ്ടാ ഓര്‍ഡിനന്‍സ് ചര്‍ച്ച: ഋഷിരാജിനെ മാറ്റിനിര്‍ത്തി
തിരുവനന്തപുരം: ഗുണ്ടാ ഓഡിനന്‍സിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിന്ന് ആന്റി പൈറസി നോഡല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഐജി ഋഷിരാജ് സിംഗിനെ മാറ്റിനിര്‍ത്തി.
വ്യാജ സിഡി വിപണനം ഗുണ്ടാ ഓഡിനന്‍സിന്റെ പിരിധിയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ നോഡല്‍ ഓഫീസറായ സിംഗിനെയും ക്ഷണിക്കേണ്ടതായിരുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടിയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് രൂക്ഷമാകുന്നുവെന്നതാണ് ഈ സംഭവം നല്‍കുന്ന സൂചന.
ഋഷിരാജ് സിംഗ് നോഡല്‍ ഓഫീസറായി തുടരുന്നതില്‍ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ നോഡല്‍ ഓഫീസര്‍സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും ഡിജിപി രമണ്‍ ശ്രീവാസ്ഥവ അറിയിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഋഷിരാജ് സിംഗിന് നോഡല്‍ ഓഫീസര്‍ പദവി തിരിച്ചുനല്‍കുകയായിരുന്നു. നോഡല്‍ ഓഫീസര്‍ എന്ന നിലയ്ക്ക് ഋഷിരാജ് വ്യാജ സിഡിയ്ക്കെതിരെയുള്ള റെയ്ഡുകള്‍ ഇപ്പോഴും തുടരുന്നുണ്ട്.
വീഡിയോ, ഓഡിയോ പൈറസി കുറ്റങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് നോഡല്‍ ഓഫീസറുടെ അസാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഗുണ്ടാ ഓഡിനന്‍സ് നിയമമാക്കുന്നതിന് മുമ്പ് വിവിധ രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുമെന്ന് ആഭ്യന്തരമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഉല്‍സവകാലത്ത് ആള്‍ത്താമസമില്ലാത്ത വീടുകല്‍ റസിഡന്റ് അസോസിയേഷനുകളുടെ സഹായത്തോടെ നിരീക്ഷിക്കാനും, എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ നിയമിക്കാനും ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ സ്പീഡ് റഡാര്‍ ഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അനധികൃത വെടിക്കോപ്പുകള്‍, ആയുധങ്ങള്‍, വ്യാജമദ്യം എന്നിവ കണ്ടെത്തുന്നതിന് കൂടുതല്‍ റെയ്ഡുകള്‍ നടത്തും. കൃത്യമായും നിയമവിധേയമായും കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പരിപൂര്‍ണസംരക്ഷണം നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജെ മാത്യു, ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് സി. രാമചന്ദ്രന്‍, ഡിജിപി രമണ്‍ ശ്രീവാസ്തവ, എഡിജിപി മാര്‍, ഐജിമാര്‍, കമ്മിഷണര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications