നിലമ്പൂര്‍ സംഭവം: മലപ്പുറത്ത് സിപിഎം യോഗം
മലപ്പുറം: വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയെ സിപിഎം പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ തടഞ്ഞ സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി സിപിഎം മലപ്പുറം ജില്ലാസെക്രട്ടേറിയറ്റ് യോഗം തുടങ്ങി.
പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗങ്ങളായ പാലൊളി മുഹമ്മദ് കുട്ടി, എ. വിജയരാഘവന്‍, സംസ്ഥാന കമ്മിറ്റിയംഗം പി.കെ സൈനബ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഭവത്തില്‍ രണ്ട് ലോക്കല്‍ കമ്മറ്റികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം 35 അംഗ ജില്ലാകമ്മിറ്റിയംഗങ്ങളുടെയും യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അടിയന്തിര യോഗങ്ങളായിട്ടാണ് ഈ രണ്ടും യോഗങ്ങളും പാര്‍ട്ടി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും മന്ത്രിയെ തടഞ്ഞുവെച്ച കാര്യമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.
മന്ത്രി എം.എ ബേബിയെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവിനെ തടയുകയും ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അച്ചടക്ക നടപടി കൂടിയേ തീരുവെന്ന നിലപാടിലാണ് ഒരു വിഭാഗം. രാഷ്ട്രീയത്തിന്റെ ഹരിശ്രീ അറിയാത്തവരാണ് ബേബിയെ തടഞ്ഞതെന്ന് കഴിഞ്ഞ ദിവസം മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചിരുന്നു.












Click it and Unblock the Notifications