ജ്വല്ലറികളിലെ ബുര്‍ഖ നിരോധനം വിവാദമാകുന്നു
പൂനെ: ബുര്‍ഖ ധാരികള്‍ക്ക് ജ്വല്ലറികളില്‍ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര ജ്വല്ലേഴ്സ് അസോസിയേഷന്റെ തീരുമാനം വിവാദമാകുന്നു.
മുസ്ലിം മതനേതാക്കളില്‍ മിക്കവരും ഈ തീരുമാനത്തെ കുറ്റപ്പെടുത്തുകയും ബുര്‍ഖ ധാരികള്‍ക്ക് പ്രവേശനം നിഷേധിയ്ക്കുന്ന ജ്വല്ലറികള്‍ മുസ്ലിങ്ങള്‍ ബഹിഷ്കരിയ്ക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ജ്വല്ലറികളില്‍ മോഷണം കൂടിവരുന്നതുമായി ബന്ധപ്പെട്ടാണ് ബുര്‍ഖ ധാരികളെ കടയില്‍ കയറ്റില്ലെന്ന് അസോസിയേഷന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് കടകളുടെ മുന്നില്‍ ബോര്‍ഡ് വെയ്ക്കുന്നതിനുള്ള അനുമതിയ്ക്കായി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നീക്കം സംബന്ധിച്ച യാതൊരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ലെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍. ആര്‍ പാട്ടീല്‍ പറഞ്ഞു.
പുരോഹിതന്മാരും പ്രമുഖ മുസ്ലിം മതപഠന സംഘടനയായ ദാറുല്‍ ഉലൂം വഖഫ് ദിയോബാന്റും മതവിരുദ്ധമായ ഈ നീക്കത്തെ തടയണമെന്നും ഇല്ലെങ്കില്‍ ഇത് പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തരമൊരു നിയമം ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും അതിനാല്‍ മഹാരാഷ്ട്രസര്‍ക്കാര്‍ ഈ നീക്കത്തെ തടയണമെന്നും ഉത്തര്‍ പ്രദേശിലെ പ്രമുഖ മതനേതാവ് മൗലാനാ അന്‍ജാര്‍ ഷാ കശ്മീരിയും ആവശ്യപ്പെട്ടു.
ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്ക് ജ്വല്ലറികളില്‍ പ്രവേശനം നിഷേധിക്കാനാണ് തീരുമാനമെങ്കില്‍ അത്തരം ജ്വല്ലറികള്‍ ബഹിഷ്കരിയ്ക്കാന്‍ മുസ്ലിംങ്ങല്‍ നിര്‍ബന്ധിതരാകുമെന്ന് ആള്‍ ഇന്ത്യ ഉലെമ കൗണ്‍സിലിലെ മൗലാനാ മെഹ്മൂദ് ദര്യബാദി മുന്നറിയിപ്പുനല്‍കി.
ഇതിനിടെ മഹാരാഷ്ട്രയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് എട്ടു സ്ത്രീകളുള്‍പ്പെടുന്ന ഒരു എണ്‍പതംഗ സംസ്ഥാനാന്തര സംഘമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
മോഷണം നടന്ന ജില്ലകളിലെല്ലാം ഈ സംഘത്തെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജ്വല്ലറികളില്‍ വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങള്‍ തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണവ്യാപാരികളുടെ സംഘടനയായ പൂനെ സരഫ് അസോസിയേഷന്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications