എഡിബി കരാര്‍: പ്രതിപക്ഷം സഭ വിട്ടിറങ്ങി
തിരുവനന്തപുരം: എഡിബി വായ്പാ പ്രശ്നവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതിനല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
വെള്ളിയാഴ്ച നിയമസഭ ചേര്‍ന്നപ്പോള്‍ തന്നെ ഈ വിഷയം സഭയുടെ മുമ്പാകെ വരികയായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്ത് കരാര്‍ ഒപ്പിട്ടാലും അത് മന്ത്രിസഭയുടെ അറിവോടെയായിരിക്കണമെന്നാണ് നിയമമെന്നും ആ നിലയ്ക്ക് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് 1067 കോടിയുടെ കരാറില്‍ ഒപ്പു വച്ചതെന്നും മാണി ചൂണ്ടിക്കാട്ടി. റസിഡന്റ് കമ്മിഷണര്‍ പോലുള്ള ഉദ്യോഗസ്ഥന് ഇത്തരം കരാറില്‍ ഒപ്പു വയ്ക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഈ കരാര്‍ നിയമവിരുദ്ധമാണെന്നും മാണി പറഞ്ഞു.
തന്റെ അറിവോടെയല്ല എഡിബി കരാര്‍ ഒപ്പിട്ടതെന്ന് നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്മേല്‍ നടപടി എടുക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പില്‍ ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കേണ്ട ഒരു വിഷയം, അങ്ങനെ ചെയ്യാതെ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി ചേര്‍ന്ന് ഒപ്പിടുകയാണുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സൂപ്പര്‍ പ്രതിപക്ഷ നേതാവാകാന്‍ വേണ്ടിയാണ് കെ.എം. മാണി ശ്രമിക്കുന്നതെന്നും പതിനൊന്നര കോടി രൂപയുടെ സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ച പ്രതിപക്ഷത്തിന് ഇതേക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് തുടര്‍ന്ന് സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങുകയായിരുന്നു.












Click it and Unblock the Notifications