ലാവ്ലിന്‍: ശുപാര്‍ശ നല്‍കിയില്ലെന്ന് ബാലാനന്ദന്‍
കൊല്‍ക്കത്ത: പള്ളിവാസല്‍ വൈദ്യുത പദ്ധതിയുടെ നവീകരണ കരാര്‍ എസ്എന്‍സി ലാവ്ലിന് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ. ബാലാനന്ദന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബാലാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇ.ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോഴാണ് ബാലനന്ദന്റെ ഇങ്ങനെ പ്രതികരിച്ചത്.
താന്‍ അധ്യക്ഷനായ കമ്മിറ്റി ജനറേറ്ററുകളുടെ നവീകരണത്തിനായി മുഴുവന്‍ ജനറേറ്ററുകളും മാറ്റണമെന്ന ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും അറ്റകുറ്റ പണികള്‍ക്ക് മാത്രമാണ് ശുപാര്‍ശ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു കമ്പനിക്ക് ഇതിന്റെ കരാര്‍ നല്‍കണമെന്നും തന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടില്ല.
എസ്എന്‍സി ലാവ്ലിന്‍ എന്ന കമ്പനിയെ കുറിച്ച് ആ സമയത്ത് പരാമര്‍ശിക്കപ്പെട്ടിട്ടിട്ട് പോലുമില്ല. എന്തൊക്കെ കാര്യങ്ങളൊക്കെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതെന്ന കാര്യം വ്യക്തമല്ലെന്നും അക്കാര്യം പരിശോധിച്ച ശേഷം കൂടുതല്‍ പറയാമെന്നും ബാലാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications