ഇടുക്കി ആര്‍ഡിഒ മുല്ലപ്പെരിയാറിലെത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സിമന്റ് പ്ലാസ്ററിംഗ് അടര്‍ന്നുവീണതു പരിശോധിക്കാനായി ഇടുക്കി ആര്‍ഡിഒ അണക്കെട്ട് പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നു. ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍ഡിഒ സന്ദര്‍ശനം നടത്തുന്നത്.
അണക്കെട്ടിന്റെ മുകള്‍ഭാഗത്ത് കൈവരിയിലില്‍ രണ്ടിടങ്ങളിലായി മൂന്ന് മീറ്റര്‍ നീളത്തിലും രണ്ടടി വീതിയിലുമാണ് പ്ലാസ്ററിംഗ് അടര്‍ന്നുവീണത്. 1979ല്‍ അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളുടെ ഭാഗമായി നിര്‍മ്മിച്ച ആര്‍സിസി ക്യാപ്പിംഗിന് സമീപത്ത് നിന്നാണ് പ്ലാസ്ററിംഗ് വീണത്. അണക്കെട്ടിലെ വെള്ളത്തിന്റെ സമ്മര്‍ദ്ദം മൂലമാകാം ഇതുസംഭവിച്ചതെന്ന് സംശയിക്കപ്പെടുന്നുണ്ട്.
അണക്കെട്ടിന്റെ നില സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം ശക്തിപ്പെടാന്‍ ഇത് ഇടയാക്കിയേക്കുമെന്ന് കരുതി കേരള ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായത്തോടെ മനപ്പൂര്‍വ്വം ചെയ്തതാണിതെന്ന് വരുത്തിത്തീര്‍ക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടിലെത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഈ ആരോപണം വാര്‍ത്തയാക്കി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തമിഴ്നാട് മാധ്യമങ്ങളിലൂടെ ശ്രമങ്ങള്‍ നടത്തുന്നത്.
വന്‍ പ്രാധാന്യത്തോടെയാണ് കേരളത്തിനെതിരായ ഈ വാര്‍ത്ത ചൊവ്വാഴ്ച തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകവഴി കേരളപൊലീസിനെ മാറ്റി അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കുകയെന്ന തങ്ങളുടെ താല്പര്യം നടപ്പിലാക്കാനും കൂടിയാണ് തമിഴ്നാടിന്റെശ്രമം.
സാധാരണ ഗതിയില്‍ പ്ലാസ്ററിംഗ് അടരുമ്പോള്‍ അത് പുതുക്കാറുള്ള തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഇത്തരം പ്രചാരണങ്ങളുമായി രംഗത്തെത്തിയത് സംശയം ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications