എഡിബി പ്രശ്നം സംസ്ഥാനകമ്മറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന് പി.ബി
കൊല്‍ക്കത്ത: സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി കേരള സര്‍ക്കാര്‍ എഡിബിയുമായി ഒപ്പുവെച്ച വായ്പാ കരാര്‍ വീണ്ടും സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനമായി.
കരാറിന്റെ കാര്യത്തില്‍ സംസ്ഥാന കമ്മറ്റിയെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപോയാല്‍ മതിയെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എട്ട്, ഒന്‍പത് തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടേറിയറ്റും തുടര്‍ന്ന് നടക്കുന്ന സംസ്ഥാന കമ്മറ്റിയും ചര്‍ച്ചചെയ്യും. ഇരുയോഗങ്ങളിലും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും.
ബുധനാഴ്ച പാര്‍ട്ടി കേന്ദ്രകമ്മറ്റിയോഗം നടക്കുന്നതിനിടയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയമായ സാഹചര്യത്തില്‍ കരാറിലെ വ്യവസ്ഥകള്‍ വീണ്ടും ചര്‍ച്ചചെയ്യണമെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഉറച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണ് പൊളിറ്റ് ബ്യൂറോയുടെ ഈ തീരുമാനം.
എന്നാല്‍ പൊളിറ്റ് ബ്യൂറോ വായ്പയ്ക്കെതിരല്ലെന്നും സാങ്കേതികമായി സംസ്ഥാന കമ്മറ്റിയടക്കം ചര്‍ച്ചചെയ്യേണ്ടതാണ് എന്ന കാഴ്ചപ്പാട് പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. കാരാര്‍ നേരത്തെ ചര്‍ച്ചചെയ്തതാണെന്നും ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി അവലോകനം ചെയ്യുകമാത്രമേയുള്ളുവെന്നാണ് അവര്‍ പറയുന്നത്.
കാരാറിലെ വ്യവസ്ഥകള്‍ ജനങ്ങളെടക്കം ബോധ്യപ്പെടുത്തിക്കൊണ്ട് വേണം മുന്നോട്ടുനീങ്ങാന്‍ എന്നാണ് ദില്ലി പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇക്കാര്യം മുന്നണിയിലോ മന്ത്രിസഭയിലോ പാര്‍ട്ടി സംസ്ഥാനകമ്മറ്റിയിലോ പോലും ചര്‍ച്ചചെയ്യുകയുണ്ടായില്ല. ഈ തെറ്റുകള്‍ തിരുത്തിക്കൊണ്ട് കരാറുമായി മുന്നോട്ടുനീങ്ങുക എന്ന അഭിപ്രായമാണ് പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം അംഗങ്ങളും മുന്നോട്ടുവെച്ചത്.
എഡിബി സംബന്ധിച്ച തര്‍ക്കമല്ലാതെ കേരളഘടകത്തിലെ മറ്റുപ്രശ്നങ്ങളൊന്നും കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. യോഗത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച സംഘടനാ വിഷയങ്ങളിലേയ്ക്ക് കടന്നാല്‍ ഇവ ഉയര്‍ന്നേയ്ക്കാനിടയുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications