സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: കരുണാകരന്‍
തിരുവന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണെന്ന് മുന്‍ മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ കെ. കരുണാകരന്‍.
സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാനായി മുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു കരുണാകരന്‍.
സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയും ഭരണകക്ഷിനേതാക്കളും തമ്മിലുള്ള വിഴുപ്പലക്കല്‍ ഇനിയെങ്കിലും നിര്‍ത്തണം. ചെറിയ കാലത്തിനുള്ളില്‍ത്തന്നെ സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ നന്നാവില്ലെന്ന് കരുതി ജനങ്ങള്‍ വെറുതെയിരിക്കുമെന്ന് കരുതരുത്- അദ്ദേഹം മുന്നറിയിപ്പു നല്‍കി.
മന്ത്രിസഭയുടെ അംഗീകാരമില്ലാതെ എഡിബി വായ്പാ കരാര്‍ ഒപ്പുവെയ്ക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരുന്നത് ശരിയായ രീതിയല്ല. മുഖ്യമന്ത്രി അറിയാതെ സര്‍ക്കാര്‍ കാര്യങ്ങളൊന്നു നടക്കില്ല. എഡിബി പ്രശ്നത്തില്‍ ഇതുവരെയുണ്ടായ കാര്യങ്ങള്‍ തുറന്നുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം-അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications