ദില്ലിയില്‍ ചേരി പൊളിച്ചുമാറ്റുന്നതിനിടെ കുട്ടി കൊല്ലപ്പെട്ടു
ദില്ലി: തലസ്ഥാന നഗരത്തിലെ വികാസ്പുരിയിലുള്ള ചേരിപ്രദേശത്തെ വീടുകള്‍ പൊളിച്ചുമാറ്റുന്നതിനിടെ ബുള്‍ഡോസറിനിടയില്‍പ്പെട്ട് പന്ത്രണ്ടുവയസുകാരന്‍ മരിച്ചു.
ചേരിയിലെ താമസക്കാരിയായ പൂജയുടെ മകനാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസറിനടയില്‍പ്പെട്ട് ബുധനാഴ്ച മരിച്ചത്. ചേരിപ്രദേശത്തെ വീടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതിനിടയ്ക്ക് തന്റെ ഒരു കുഞ്ഞിനെമാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളുവെന്നും മറ്റേ കുട്ടിയെ രക്ഷിക്കാന്‍ അധികൃതര്‍ സമയം തന്നില്ലെന്നും പൂജ പറഞ്ഞു.
വീടുകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് മാത്രമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ചേരി നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തം സാധനങ്ങളെല്ലാം എടുത്ത് പുതിയ സ്ഥലത്തേയ്ക്ക് മാറാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല.
മിക്കവരുടെയും വീടുകള്‍ക്കൊപ്പം അവശ്യസാധനങ്ങളെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍നടപടിയെടുക്കുമെന്നും നഷ്ടപരിഹാരം അനുവദിക്കുമെന്നുമാണ് തങ്ങള്‍ കരുതുന്നതെന്ന് ചേരിനിവാസികള്‍ പറഞ്ഞു.
തിരക്കിട്ട് വീടുകള്‍ പൊളിച്ചുമാറ്റാനുള്ള അധികൃതരുടെ ശ്രമത്തിനിടെയാണ് പൂജയ്ക്ക് മകനെ നഷ്ടമായത്. കുട്ടിയുടെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നുകഴിഞ്ഞുമാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications