കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ ആരോഗ്യമന്ത്രിയുമായി ശനിയാഴ്ച ചര്‍ച്ച നടത്തും.
മന്ത്രിയുമായി ചര്‍ച്ചനടത്താനുള്ള സാധ്യത ഉണ്ടായതോടെ സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം വ്യാഴാഴ്ചയോടെ പിന്‍വലിച്ചിട്ടുണ്ട്.
ഒപി വിഭാഗത്തിലെ ചികിത്സ ബഹിഷ്ക്കരിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം നടത്തുന്നത്. വിവിധ ഡോക്ടര്‍മാരുടെയും ഹൗസ്സര്‍ജന്മാരുടെയും സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അടിയന്തിരമായി ചെയ്യാനുള്ള ശസ്ത്രക്രിയകള്‍ ചെയ്യാതെയും പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ നിര്‍ത്തിവച്ചുമാണ് ഡോക്ടര്‍മാരുടെ സമരം.
ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അത്യാഹിത വിഭാഗം പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള ബദല്‍ സംവിധാനം ഡോക്ടര്‍മാര്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും സൗകര്യങ്ങള്‍ അപര്യാപ്തമായതിനാല്‍ രോഗികള്‍ വലയുകയാണ്. കിടത്തി ചികിത്സയ്ക്ക് വിധേയരായ ചില രോഗികള്‍ സമരത്തെത്തുടര്‍ന്ന് മറ്റ് ചില സ്വകാര്യ ആശുപത്രികളിലേയ്ക്ക് മാറിയിട്ടുണ്ട്.
ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. അശോകനെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ഡോ. അശോകനെ കോടതി ജനവരി 10 വരെ റിമാന്റു ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications