ഒരു സ്വപ്നം: അമൃത്സറില്‍ പ്രഭാതഭക്ഷണം, ലാഹോറില്‍ ഉച്ചഭക്ഷണം
ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൗഹാര്‍ദ്ദപരവും സമാധാനപരവുമായ ബന്ധം വളര്‍ത്തിയെടുക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേസ് ഓഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ എഴുപത്തിയൊന്‍പതാമത് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദത്തോടെ കഴിയുന്ന കാലം വൈകാതെ വന്നുചേരുമെന്നാണ് ഞാന്‍ കരുതുന്നത്. അതിനായി ഇരുവര്‍ക്കും വിശ്വാസ്യയോഗ്യമായ അന്തരീക്ഷം ഇരുരാജ്യങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്. സമാധാത്തിലും സുരക്ഷയിലും സാഹോദര്യത്തിലുമൂന്നിയ പരസ്പരവിശ്വാസമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും വളര്‍ത്തിയെടുക്കേണ്ടത്.
അമൃത്സറില്‍ പ്രഭാതഭക്ഷണവും ലാഹോറില്‍ ഉച്ചഭക്ഷണവും കാബൂളില്‍ അത്താഴവും കഴിക്കാന്‍ ഏതൊരാള്‍ക്കും കഴിയുന്ന വിധത്തില്‍ ഐക്യം ഉണ്ടാകണം. അതാണെന്റെ സ്വപ്നം- അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. നമ്മുടെ പേരക്കുട്ടികള്‍ക്ക് അത്തരമൊരന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. തെക്കന്‍ ഏഷ്യയിലെ സാമ്പത്തിക ഏകീകരണത്തിനായി ഇരു രാജ്യങ്ങളിലെയും വ്യാവസായിക പ്രമുഖര്‍ മുന്നോട്ടുവരണം. അത്തരത്തിലുള്ള സാമ്പത്തിക ഏകീകരണത്തിലൂടെ സമാധാനവും സൗഹൃദവും കൊണ്ടുവരാന്‍ തീര്‍ച്ചയായും സാധിയ്ക്കും- അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications