ശാസ്ത്ര കോണ്‍ഗ്രസില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ജോസഫ്
ചിദംബരം(തമിഴ്നാട്): ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിംപോസിയത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നം ഉന്നയിച്ച് മുന്‍ മന്ത്രി പി.ജെ.ജോസഫ് അമ്പരപ്പ് സൃഷ്ടിച്ചു.
പ്രകൃതി വിഭവങ്ങളുടെ വിനിയോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി നടത്തിയ സിംപോസിയത്തിലാണ് ജോസഫ് മുല്ലപ്പെരിയാര്‍ പ്രശ്നം ഉന്നയിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് കേരളത്തിനും തമിഴ്നാടിനും ഇടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാകണം. ഇതുസംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ ശരിയാണോ എന്നറിയാന്‍ ഇതാവശ്യമാണ്.
110 വര്‍ഷം മുമ്പ് മണ്ണുകൊണ്ട് നിര്‍മ്മിച്ച അണക്കെട്ടിന്റെ സുരക്ഷിതത്വമാണ് പ്രധാനപ്രശ്നം. ഡാം സുരക്ഷിതമാണെന്നാണ് തമിഴ്നാടിന്റെ വാദം. അത് ശാസ്ത്രീയമായി തെളിയിക്കാന്‍ ശാസ്ത്രജ്ഞരുടെ ഇടപെടല്‍ ആവശ്യമാണ്. അണക്കെട്ട് വേണ്ടത്ര സുരക്ഷിതമാണെന്ന് തെളിഞ്ഞാല്‍ അതങ്ങനെതന്നെ നിലനിര്‍ത്താം. ഇല്ലെങ്കില്‍ ബദല്‍ സംവിധാനമെന്ന നിലയ്ക്ക് പുതിയ അണക്കെട്ട് പണിയണം- ജോസഫ് വിശദീകരിച്ചു.
ഇതിനെത്തുടര്‍ന്ന് മാനേജ്മെന്റ് പ്രൊഫറായ മാനസ് ചാറ്റര്‍ജി ഇന്ത്യയിലെ നദീജല തര്‍ക്കങ്ങളെ കുറിച്ച് സദസ്യരോട് അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാതെ സദസ്സിലെത്തിയ ജോസഫ് പ്രശ്നം ഉന്നയിച്ചുകഴിഞ്ഞ് എന്താണ് കാര്യമെന്ന് അവര്‍ക്ക് മനസ്സിലാകുന്നതിന് മുമ്പേ വേദി വിടുകയും ചെയ്തു.












Click it and Unblock the Notifications