മെഡിക്കല്‍ ബന്ദിനെ ശക്തമായി നേരിടും: കോടിയേരി
തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്ത് മെഡിക്കല്‍ ബന്ദ് ആചരിക്കാനുള്ള ഐഎംഎയുടെ തീരുമാനത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളവയാണ്. ഐഎംഎയുടെ ബന്ദ് ആഹ്വാനം കൈക്കൂലിയെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല-മന്ത്രി വ്യക്തമാക്കി.
പ്രത്യേക സാഹചര്യമുണ്ടായപ്പോഴാണ് ഡോ. അശോകനെ പൊലീസ് അറസ്റുചെയ്തത്. അല്ലെങ്കില്‍ അത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമായിരുന്നു. എന്നാല്‍ രോഗിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന കേസില്‍ ഡോക്ടര്‍ക്ക് ഏറ്റുമാനൂര്‍ കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ നിലനില്‍ക്കുന്ന കേസ് കൈക്കൂലി ചോദിച്ചതിന്റെ പേരിലുള്ളതാണ്. അത് പരിഗണിക്കുന്നതാകട്ടെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ്. ഇതില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയില്ല. ഇക്കാര്യം മനസ്സിലാക്കി ഡോക്ടര്‍മാര്‍ ബന്ദ് നടത്താനുള്ള നീക്കം ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. അതല്ല തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അപ്പോള്‍ വേണ്ട നടപടി കൈക്കൊള്ളും- കോടിയേരി പറഞ്ഞു.
ആരോഗ്യമന്ത്രിയുമായി പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ചചെയ്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചതാണ്. ഈ സാഹചര്യത്തില്‍ ബന്ദിന് ആഹ്വാനം നല്‍കിക്കൊണ്ട് ഐഎംഎ മുന്നോട്ട് വന്നതില്‍ ദുരൂഹതയുണ്ട്. രോഗികളുടെ ജീവന്‍ പന്താടാന്‍ ആരെയും അനുവദിക്കില്ല-അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications