ബന്ദില്‍ നിന്നും പിന്മാറിയതായി ഐഎംഎ കോടതിയെ അറിയിച്ചു
കൊച്ചി: വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച മെഡിക്കല്‍ ബന്ദില്‍ നിന്നും പിന്മാറിയതായി ഐഎംഎ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
മെഡിക്കല്‍ ബന്ദ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഐഎംഎ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വാദം കേട്ടത്. വെള്ളിയാഴ്ചത്തെ മെഡിക്കല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പൊതുതാല്പര്യ ഹര്‍ജികളാണ് ഫയല്‍ ചെയ്തത്.
മെഡിക്കല്‍ ബന്ദില്‍ നിന്നു പിന്മാറിയെന്ന ഐഎംഎയുടെ അറിയിപ്പ് രേഖപ്പെടുത്തിയ ഹൈക്കോടതി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകളുണ്ടെന്നും എന്തെങ്കിലും പ്രശ്നം ഐഎംഎയ്ക്കുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും അറിയിച്ചു. അതല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രശ്നപരിഹാരം സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞുവെന്നും കൂടുതല്‍ ചര്‍ച്ചയടെ ആവശ്യമില്ലെന്നും സര്‍ക്കാറിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് കോടതിയെ അറിയിച്ചു.
രാവിലെ ഹര്‍ജി വാദത്തിനെടുത്തപ്പോള്‍ തന്നെ സര്‍ക്കാര്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു. ഇതില്‍ കെജിഎംഒഎയും കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനും വെള്ളിയാഴ്ച സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് വിശദീകരിച്ചു.
അതേസമയം ഐഎംഎ ഭാരവാഹികള്‍ സമരത്തില്‍ നിന്നും പിന്മാറിയതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications