എഡിബി കരാര്‍: വിഎസിനും മന്ത്രിമാര്‍ക്കും വിമര്‍ശനം
തിരുവനന്തപുരം: എഡിബി പ്രശ്നവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകള്‍ നടത്തി വിവാദമുണ്ടാക്കിയതിനെ സിപിഎം പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ തോമസ് ഐസക്, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെയാണ് പരസ്യപ്രസ്താവനകളുടെ പേരില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിമര്‍ശിച്ചത്.
ബുധനാഴ്ചയാരംഭിച്ച പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലാണ് കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ടെന്നും കാരാട്ട് ചൂണ്ടിക്കാട്ടിയത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്ന നിലയ്ക്കാണ് കാരാട്ട് ഇക്കാര്യം സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ചത്.
എഡിബി കരാറിന് പൊളിറ്റ് ബ്യൂറോ എതിരല്ല. സംസ്ഥാനത്തിന് ആവശ്യമാണെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് വായ്പയെടുക്കാം. അക്കാര്യം സംസ്ഥാന സര്‍ക്കാറും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ നിലവിലുള്ള കരാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പിബിയ്ക്ക് വിയോജിപ്പുണ്ടെന്ന് കാരാട്ട് വ്യക്തമാക്കി.
ബുധാനാഴ്ച വൈകുന്നേരത്തോടെയാണ് എഡിബി കരാര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ച സംസ്ഥാന സമിതിയില്‍ ആരംഭിച്ചത്. പിബി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരുവിഭാഗവും തങ്ങളുടെ ഭാഗം വിശദീകരിച്ചു. കരാര്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വ്യാഴം,വെള്ളി ദിവസങ്ങളില്‍ നടക്കും.












Click it and Unblock the Notifications