ദേവസ്വം അഴിമതി: എഫ്ഐആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ജി.രാമന്‍ നായര്‍, അംഗങ്ങളായ പുനലൂര്‍ മധു, ശ്രീകുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാണ്. ശബരിമല ക്ഷേത്രത്തിലേക്ക് ശര്‍ക്കര വാങ്ങിയതിലുള്ള അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണ പണിക്കര്‍ സര്‍ക്കാരിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ വി.കെ.മോഹനന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമനങ്ങളില്‍ അഴിമതി നടന്നതു കൂടാതെ ശബരിമല ക്ഷേത്രത്തിലേക്ക് ശര്‍ക്കര വാങ്ങിയതിലും അഴിമതി നടന്നതായി പറയുന്നുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളേയും പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അനുമതി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു.












Click it and Unblock the Notifications