എഡിബി: വ്യവസ്ഥ ദോഷകരമെങ്കില്‍ വായ്പ വേണ്ടെന്നുവയ്ക്കും
തിരുവനന്തപുരം: എഡിബി കരാറില്‍ അപകടകരമായ വ്യവസ്ഥകളുണ്ടെങ്കില്‍ വായ്പ വേണ്ടെന്നുവയ്ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വായ്പ വേണ്ടെന്ന നിലപാട് സ്വീകരിക്കേണ്ട എന്നതുകൊണ്ടു മാത്രമാണ് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ കരാറില്‍ ഒപ്പിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന തരത്തിലുള്ള വ്യവസ്ഥകളില്‍ ഏര്‍പ്പെടില്ല. സാമ്പത്തിക പരിമിതികള്‍ ഉള്ളതിനാല്‍ വായ്പകളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. അതിനാല്‍ ഇക്കാര്യം വിശദമായി പരിശോധിക്കും. എഡിബി വായ്പയെടുക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാടെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും വിശ്വന്‍ പറഞ്ഞു.
കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടതിനാല്‍ ഞായറാഴ്ച എല്‍ഡിഎഫ് യോഗത്തില്‍ എഡിബി കരാര്‍ സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായില്ല. ജനവരി 27ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും.












Click it and Unblock the Notifications