പ്രവേശനപരീക്ഷാ സമയം നീട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ സമയം നീട്ടാനും ചോദ്യങ്ങളുടെ തീയതി നീട്ടാനും പ്രവേശനപരീക്ഷാ പരിഷ്കരണ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
ഇപ്പോള്‍ ഒരു പേപ്പറിന് 90 മിനിട്ടാണ് പരീക്ഷാസമയം. 120 ചോദ്യങ്ങളുള്ള പേപ്പറിന് ഉത്തരമെഴുതാന്‍ ഈ സമയം അപര്യാപ്തമാണെന്നും ചോദ്യം ശരിയായി മനസിലാക്കി ഉത്തരമെഴുതാന്‍ വേണ്ട സമയം നല്‍കണമെന്നുമാണ് സമിതിയുടെ ശുപാര്‍ശ.
ഐഐടി പ്രവേശനപരീക്ഷയുടെ മാതൃകയില്‍ വിദ്യാര്‍ത്ഥികളുടെ വിജ്ഞാനം ശരിയായി അളക്കാവുന്ന വിധത്തില്‍ പ്രവേശനപരീക്ഷയുടെ ചോദ്യങ്ങളുടെ രീതി മാറണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാണാതെ പഠിച്ചെഴുതാവുന്ന കുറേ ചോദ്യങ്ങളെങ്കിലും ഇപ്പോള്‍ ചോദ്യപേപ്പറുകളില്‍ വരുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
പരീക്ഷയുടെ പ്രോസ്പെക്ടസിന്റെ വില 750 രൂപയില്‍ നിന്ന് ഗണ്യമായി കുറയ്ക്കുക, ചോദ്യപേപ്പര്‍ മലയാളത്തില്‍ കൂടി ലഭ്യമാക്കുക എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍. ഈ ശുപാര്‍ശകള്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കണമെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോദ്യപേപ്പര്‍ ബാങ്ക് രൂപീകരിക്കാനാണ് മറ്റൊരു ശുപാര്‍ശ. ഈ വര്‍ഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് കഴിയില്ലെങ്കിലും ഭാവിയെ ലക്ഷ്യമാക്കി ചോദ്യപേപ്പര്‍ ബാങ്ക് രൂപീകരിക്കുകയും അതില്‍ നിന്ന് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.
പ്ലസ് ടു മാര്‍ക്ക് കൂടി പ്രവേശനത്തിന് യോഗ്യതയായി കണക്കാക്കുന്ന കാര്യം തീരുമാനിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സമിതിയില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി.ജെ.തോമസ് കണ്‍നീനറും ആര്‍.വി.ജി.സോമന്‍, അച്യുത് ശങ്കര്‍, സി.ആര്‍.സോമന്‍, ഡോ.ജയശങ്കര്‍, എന്‍.പി.ചന്ദ്രശേഖരന്‍ എന്നിവര്‍ അംഗങ്ങളുമാണ്.












Click it and Unblock the Notifications