പ്രവേശന രീതിയുടെ വിശദവിവരം സമര്‍പ്പിയ്ക്കണമെന്ന് പി.എ മുഹമ്മദ് കമ്മറ്റി
കൊച്ചി: അടുത്ത അധ്യയനവര്‍ഷത്തില്‍ ഏതുരീതിയിലുള്ള പ്രവേശനമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നുള്ള വിശദവിവരങ്ങള്‍ സമര്‍പ്പിയ്ക്കണമെന്ന് ജസ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി സംസ്ഥാനത്തെ സ്വശ്രയ കോളജ് മാനേജ്മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എറണാകുളത്ത് ചേര്‍ന്ന സിറ്റിംഗിലാണ് കമ്മറ്റി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. രഹനാ രാജന്‍ എന്ന പട്ടികജാതി വിദ്യാര്‍ത്ഥിനിയ്ക്ക് കട്ടപ്പന സെന്റ് ജോണ്‍സ് കോളജിലെ നഴ്സിംഗ് സീറ്റില്‍ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച പരാതിയില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു കമ്മിറ്റി.
പൊതു പ്രവേശന പരീക്ഷാ കമ്മിഷണര്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഈ വിദ്യാര്‍ത്ഥിനിയ്ക്ക് സീറ്റ് അലോട്ട് ചെയ്തിരുന്നു. കമ്മിഷണര്‍ ആവശ്യപ്പെട്ടപ്രകാരം 400 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റുമായി മാനേജ്മെന്റിനെ സമീപിച്ച വിദ്യാര്‍ത്ഥിനിയ്ക്കാണ് പ്രവേശനം നിഷേധിച്ചതെന്ന് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
സെന്റ് ജോണ്‍സ് നഴ്സിംഗ് കോളജില്‍ സര്‍ക്കാര്‍ ക്വാട്ടയിലും മാനേജ്മെന്റ് ക്വാട്ടയിലും നടത്തിയ പ്രവേശനം സംബന്ധിച്ച് എല്ലാ വിവരങ്ങളും സമര്‍പ്പിക്കാന്‍ കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാശ്രയ നിയമത്തിലെ കാതലായ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ട് സ്വാശ്രയ കോളജുകള്‍ക്ക് മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് സ്വന്തം നിലയില്‍പ്രവേശനം നടത്താമെന്നുള്ള ഹൈക്കോടതി വിധിയ്ക്ക് ശേഷമാണ് കമ്മറ്റിയുടെ ശ്രദ്ധേയമായ ഇടപെടല്‍.












Click it and Unblock the Notifications