സൂപ്പര്‍ഫാസ്റും ജീപ്പും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു
കൊല്ലം: എംസി റോഡില്‍ ചടയമംഗലത്തിനടുത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ ആറുപേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കടയ്ക്കല്‍ ആനപ്പാറ ചരുവിള വീട്ടില്‍ കൃഷ്ണകുമാര്‍(30), സഹോദരന്‍ ജയകുമാര്‍(28), നിലമേല്‍ വളയിടം സ്വദേശി സുകുമാരന്‍(50), ആറ്റിങ്ങല്‍ വക്കം എസ്. ജയപ്രകാശ്, ജീപ്പ് ഡ്രൈവര്‍ കോട്ടുക്കല്‍ മണ്ണൂരഴികത്ത് സുരേഷ്(28), ക്ലീനര്‍ കോട്ടുക്കല്‍ കൃഷ്ണവിലാസത്തില്‍ ജിതേഷ് കൃഷ്ണന്‍(22) എന്നിവരാണ് മരിച്ചത്.
മൂന്നുപേര്‍ അപകടസ്ഥലത്തും മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. പരുക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസ് യാത്രക്കാരായ മൂന്നുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി എട്ടുമണിയ്ക്കാണ് അപടകം നടന്നത്. തിരുവനന്തപുരത്തുനിന്നും മാനന്തവാടിയ്ക്കുയാത്രതിരിച്ച സൂപ്പര്‍ ഫാസ്റുമായാണ് ജീപ്പ് കൂട്ടിയിടിച്ചത്. കൊട്ടുക്കല്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ജീപ്പ്. രണ്ടുവാഹനങ്ങളും അതിവേഗത്തിലാണ് ഓടിയിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications