വയനാട്ടില്‍ നൂറു കോടിയുടെ ഡയറിഫാം പദ്ധതി
ദില്ലി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലയില്‍ 100കോടി രൂപ മുതല്‍മുടക്കില്‍ ഡയറിഫാം പദ്ധതി ആരംഭിയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ അറിയിച്ചു.
സംസ്ഥാനത്തെ പാലുല്പാദന സംസ്കരണ മേഖലയില്‍ ഹൈടെക് വ്യവസായം എന്ന കാഴ്ചപ്പാടിലാണ് പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ അമുല്‍ മാതൃകയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്-മന്ത്രി വിശദീകരിച്ചു.
വയനാട് ജില്ലയില്‍ പൂക്കോട് വെറ്ററിനറി കോളജിനോട് ചേര്‍ന്നുള്ള 100ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് പദ്ധതി തുടങ്ങുക. വിദേശ ഇന്ത്യക്കാരായ വ്യവസായികള്‍, മില്‍മ, സര്‍ക്കാര്‍ എന്നിവരുള്‍പ്പെടുന്ന സംയുക്ത സംരംഭമായ കമ്പനിയായാണ് ഡയറിഫാമിന്റെ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിയ്ക്കുന്നത്. ഇതില്‍ 26ശതമാനം ഓഹരികള്‍ സര്‍ക്കാറിന്റേതായിരിയ്ക്കും.
കേന്ദ്രസര്‍ക്കാര്‍ വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ ആയിരം വീതം സങ്കരയിനം പശുക്കളെ വിതരണം ചെയ്യുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ ജില്ലകളില്‍വന്‍തോതില്‍ പാലുല്‍പാദനം ഉണ്ടാകുന്നത് ഡയറിഫാമിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. കോഴിക്കോട് മേഖലാ മില്‍മാ യൂണിറ്റിന് നിലവില്‍ പാലുല്‍പാദനം അധികമായി വരുന്നുണ്ട്, ഇതും ഡയറി ഫാമിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തും- ദിവാകരന്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് 2008ല്‍ പൂര്‍ത്തിയാകും. ഇതിനായി അമുല്‍ മുന്‍ ചെയര്‍മാന്‍കുര്യന്‍, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാഥന്‍ എന്നിവരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഡയറി ഫാം വിഭാഗം ചുതമല വഹിക്കുന്ന സെക്രട്ടറി ഗ്യാനേഷ് കുമാറിനെ പദ്ധതി നടപടികളുടെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications