പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സോണിയയുടെ പേര്
ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തു.
മന്‍മോഹന്‍ സിംഗ്, അടല്‍ബിഹാരി വാജ്പേയി, മകനും യുവനേതാവുമായ രാഹുല്‍ ഗാന്ധി എന്നിവരെ പിന്തള്ളിയാണ് സോണിയ അഭിപ്രായ സര്‍വ്വേയില്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസും സിഎന്‍എന്‍-ഐബിഎന്നും ചേര്‍ന്നു നടത്തിയ അഭിപ്രായ സര്‍വ്വെയിലാണ് ഏറ്റവും കൂടുതലാളുകള്‍ സോണിയ പ്രധാനമന്ത്രിയാകണമെന്ന അഭിപ്രായം മുന്നോട്ട്വെച്ചത്.
28.3ശതമാനം വോട്ടുകളാണ് സോണിയയ്ക്ക് ലഭിച്ചത്. വാജ്പേയിയ്ക്കുലഭിച്ചതിലും പത്തുശതമാനം കൂടുതലാണിത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് 13.1ശതമാനം വോട്ടു ലഭിച്ചു. ബിഎസ്പി നേതാവ് മായാവതിയാണ് നാലാം സ്ഥാനത്ത്. രാഹുല്‍ ഗാന്ധി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, ബിജെപി നേതാവ് എല്‍.കെ അദ്വാനി, എന്നിവരെല്ലാം മായാവതിയ്ക്കു പുറകില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നവരാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറിന് ജനപിന്തുണ വര്‍ദ്ധിച്ചുവെന്നതാണ് സര്‍വ്വെഫലത്തിലെ മറ്റൊരു പ്രധാന വസ്തുത. കേന്ദ്രഭരണത്തില്‍ മൂന്ന് വര്‍ഷംകൂടി കാലാവധിശേഷിയ്ക്കെ ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ സഖ്യം 300സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതു കക്ഷികളെ ആശ്രയിക്കാതെ ഭരിക്കാനുള്ള ഭൂരിപക്ഷം മുന്നണി നേടുമെന്നും സര്‍വ്വേ കണ്ടെത്തുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത മൊത്തം ജനങ്ങളില്‍ 76ശതമാനം പേരും യുപിഎ ഭരണത്തില്‍ സംതൃപ്തരാണെന്ന് രേഖപ്പെടുത്തി. 80ശതമാനംപേര്‍ പ്രധാനമന്ത്രി എന്നനിലയിലുള്ള മന്‍മോഹന്‍ സിംഗിന്റെ പ്രവര്‍ത്തനത്തിലും സംതൃപ്തരാണ്. യുപിഎ സര്‍ക്കാറിന് ഭരണത്തില്‍ ഒരവസരം കൂടി നല്‍കണെന്ന് 54ശതമാനം പേര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ അവസ്ഥ കൂടുതല്‍ ദയനീയമായിരിക്കുകയാണ്. ജനുവരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയ്ക്ക് 115സീറ്റുകള്‍ മാത്രമേ ലഭിയ്ക്കാന്‍ സാധ്യതയുള്ളു.
രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ജനപ്രീതിനേടിയവരില്‍ മൂന്നാമനായി സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത് കേരളമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയാണ് . ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായികാണ് ജനപ്രീതിയുടെ കാര്യത്തില്‍ ഒന്നാമത്.
ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവര്‍ യഥാക്രമം രണ്ടുംനാലും അഞ്ചും സ്ഥാനത്തെത്തി. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മികച്ച നിലയിലാണെങ്കിലും ജനപ്രിയരായ അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പോലും കോണ്‍ഗ്രസില്‍ നിന്നില്ലെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications