ഉപതിരഞ്ഞെടുപ്പ്: സിദ്ദു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ദില്ലി: മുന്‍ ക്രിക്കറ്റ് താരവും എംപിയുമായിരുന്ന നവ്ജോദ് സിംഗ് സിദ്ദു അമൃത്സര്‍ ലോക്സഭാ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനായി വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
ബുധനാഴ്ച പത്രിക സമര്‍പ്പിയ്ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇതിനുവേണ്ട ചില രേഖകള്‍ പൂര്‍ണമല്ലാത്തതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച പത്രിക നല്‍കാമെന്ന് തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവും സംസ്ഥാന ധനമന്ത്രിയുമായ സുരീന്ദര്‍ സിംഗ്ലയാണ് തിരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ പ്രധാന എതിരാളി.
നരഹത്യക്കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിസംബറിലാണ് സിദ്ദു എംപി സ്ഥാനം രാജിവെച്ചത്.
മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ശിക്ഷനടപ്പാക്കുന്നത് സുപ്രിം കോടതി തടയുകയും ചെയ്തതോടെയാണ് അമൃത്സര്‍ സീറ്റിലേയ്ക്ക് സിദ്ദുവിനെ വീണ്ടും മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.


Click it and Unblock the Notifications