മോഡി തിങ്കളാഴ്ചയെത്തും; പ്രതിഷേധം ശക്തം
തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തിങ്കളാഴ്ച കേരളത്തിലെത്തും.
വൈകീട്ട് നാലുമണിയ്ക്ക് പ്രത്യേക വിമാനത്തിലാണ് മോഡി തിരുവനന്തപുരത്തെത്തുക. ബിജെപി സംസ്ഥാനപ്രസിഡന്റ് പി.കെ കൃഷ്ണദാസും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിയ്ക്കും.
മോഡിയുടെ സന്ദര്‍ശനത്തിനെതിരെ വിവിധസംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും തിങ്കളാഴ്ച കരിദിനം ആചരിയ്ക്കുകയാണ്.
മോഡിയുടെ സന്ദര്‍ശനത്തിന് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ എന്‍ഡിഎഫ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായേയ്ക്കാവുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുന്നതിനായി നിലപാടെടുക്കണമെന്ന് പ്രതിപക്ഷനേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ദക്ഷിണമേഖലാ ഐജിയ്ക്കാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.
ഇതിനിടെ മോഡിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ഇടുതുസംഘടനകളും മുസ്ലിം സംഘടനകളും ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ കേരളം സന്ദര്‍ശനം നടത്തിയപ്പോഴും ഇത്തരത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്ന് നേരത്തേനിശ്ചയിച്ച അദ്ദേഹത്തിന്റെ പരിപാടികളില്‍ മാറ്റംവരുത്തുകയുംചെയ്തിരുന്നു.
സമ്മേളനത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് അധ്യക്ഷത വഹിയ്ക്കും. ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ആയിരുന്ന എം.എസ് ഗോള്‍വോള്‍ക്കറുടെ ജന്‍മശദാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ് ഹിന്ദുമഹാസമ്മേളനം നടക്കുന്നത്.












Click it and Unblock the Notifications