ഭരത്ഭൂഷണെതിരെ വീണ്ടും സുധാകരന്‍
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ.ഭരത്ഭൂഷന്റെ നടപടികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
ഭരത്ഭൂഷണ്‍ നിരവധി ക്രമകേടുകള്‍ നടത്തുന്ന ഒരു മാഫിയക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. കേന്ദ്ര സര്‍വീസിലേക്ക് പോകുന്നുവെന്നതിന്റെ ഗര്‍വ് കൊണ്ടാണ് ഭരത്ഭൂഷണ്‍ തന്നെ വിമര്‍ശിക്കുന്നത്. മന്ത്രിമാരെയും മുഖ്യമന്ത്രിയെയും തമ്മില്‍ തെറ്റിക്കുക, സര്‍ക്കാര്‍ നയം നടപ്പാക്കാതിരിക്കുക, സര്‍ക്കാരിനോട് അടുത്തിടപഴകി സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഭരത്ഭൂഷണ്‍ ചെയ്തുകൊണ്ടിരുന്നത്.
ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി സുധാകരന്‍ അഴിമതിക്ക് കൂട്ടുനിന്നുവെന്ന് ഭരത്ഭൂഷണ്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ ഭരത്ഭൂഷണ്‍ കുറ്റക്കാരനാണെന്ന് എഴുതിയ ഫയല്‍ തന്റെ കൈവശമുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ദേവസ്വം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്ന ദിവസം തന്നെ ഭരത്ഭൂഷന്റെ അഭിമുഖം മാതൃഭൂമി പത്രത്തില്‍ വന്നതില്‍ ദുരൂഹതയുണ്ട്.
ഈ അഭിമുഖം തയാറാക്കിയ ലേഖകനെതിരെയുള്ള പരാതി മാതൃഭൂമി പത്രാധിപര്‍ വീരേന്ദ്രകുമാറിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അത് അന്വേഷിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications