മുല്ലപ്പെരിയാര്‍: സന്ദര്‍ശനം നടത്താനുള്ള തീരുമാനം പാര്‍ലമെന്റ് കമ്മറ്റി ഉപേക്ഷിച്ചു
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്താനുള്ള തീരുമാനം ജലവിഭവ മന്ത്രാലവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റാന്റിംഗ് കമ്മറ്റി ഉപേക്ഷിച്ചു. തമിഴ്നാടിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് കമ്മിറ്റി തീരുമാനം ഉപേക്ഷിച്ചത്.
കേരളവും തമിഴ്നാടും തമ്മില്‍ അണക്കെട്ട് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കവും അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിച്ചാണ് ഇവിടം സന്ദര്‍ശിയ്ക്കാന്‍ പാര്‍ലമെന്റ് സ്റാന്റിംഗ് കമ്മിറ്റി 2007 നവംബറില്‍ തീരുമാനിച്ചത്.
കമ്മിറ്റിയിലെ കേരളത്തിന്റെ പ്രതിനിധികളായ കെ.ഇ ഇസ്മയില്‍, ലോനപ്പന്‍ നമ്പാടന്‍, പി.ജെ കുര്യന്‍ എന്നിവരുടെ നിലപാടിനോട് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ യോജിച്ചിരുന്നു. അണക്കെട്ട് സന്ദര്‍ശനത്തിനായി കമ്മിറ്റി തീരുമാനമെടുത്തശേഷണാണ് പ്രശ്നപരിഹാരത്തിനായി ഇരുസംസ്ഥാനങ്ങളും തമ്മില്‍ കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ മധ്യസ്ഥതയില്‍ ദില്ലിയില്‍വെച്ച് ചര്‍ച്ച നടത്തിയത്.
ഈ സാഹചര്യത്തില്‍ കമ്മിറ്റി സന്ദര്‍ശനം നിര്‍ത്തിവെയ്ക്കുമോയെന്ന് ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് സമിതിയിലുള്ള കേരളത്തിന്റെ പ്രിതിനിധികള്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെക്കണ്ട് പ്രശ്നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തില്‍ സന്ദര്‍ശനം വേണ്ടെന്നുവെയ്ക്കാന്‍ പാര്‍ലമെന്റ് കമ്മിറ്റിയില്‍ തമിഴ്നാട് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. തമിഴ്നാട് ജലവിഭവമന്ത്രി ദൊരൈ മുരുകന്‍ പാര്‍ലമെന്റ് സമിതി അധ്യക്ഷന്‍ സാംബശിവ റാവുവിന് മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചുകൊണ്ട് കത്തെഴുതുകയും കമ്മിറ്റിയംഗങ്ങള്‍ അവിടം സന്ദര്‍ശിയ്ക്കുന്നത് ഉചിതമാകില്ലെന്ന് അഭിപ്രായപ്പെടുകയുംചെയ്തിരുന്നു.
മുല്ലപ്പെരിയാര്‍ സന്ദര്‍ശനപരിപാടി ഉപേക്ഷിച്ച സമിതി പകരം ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഫിബ്രവരിയില്‍ത്തന്നെ പര്യടനം നടത്തുന്നുണ്ട്.


Click it and Unblock the Notifications