കടലാസ് പന്ത് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ചായക്കടയുടെ പരിസരത്ത് കടലാസ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.
ചായക്കടയിലെ തൊഴിലാളിയായ തമിഴ്നാട് സ്വദേശി കാര്‍ത്തികിനാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ 7.30തോടെ കണ്ട ഒരു പ്ലാസ്റിക് ബാഗിലുണ്ടായിരുന്ന കടലാസ് പന്താണ് പൊട്ടിത്തെറിച്ചത്.
കവറില്‍ കടലാസ് പന്ത് ഇരിക്കുന്നത് കണ്ട മറ്റൊരു തൊഴിലാളി ഷുക്കൂറാണ് കവറിനുള്ളിലെന്താണെന്ന് പരിശോധിയ്ക്കാന്‍ കാര്‍ത്തിക്കിനോട് പറഞ്ഞത്. തുടര്‍ന്ന് കാര്‍ത്തിക് പ്ലാസ്റിക് കവറില്‍ ചവിട്ടിയപ്പോള്‍ അകത്തുണ്ടായിരുന്ന കടലാസ് പന്ത് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
പൊട്ടിത്തെറിയില്‍ ചായക്കടയുടെ ജനല്‍ തകര്‍ന്നിട്ടുണ്ട്. കാര്‍ത്തിക്കിന്റെ പരിക്കുകള്‍ നിസാരമാണ്.
പൊട്ടിത്തെറിയെത്തുടര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജോ അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവമറിഞ്ഞ് തൃക്കാക്കര അസിസ്റന്റ് കമ്മിഷണര്‍ സേതുരാമനും സ്ഥലത്തെത്തി.
എന്നാല്‍ ഇവിടെ പരിശോധന നടത്തിയ ബോംബ് സ്ക്വാഡിനും ഡോഗ് സ്ക്വാഡിനും മറ്റ് സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ത്തിക് പറഞ്ഞതനുസരിച്ച് കവറിലുണ്ടായിരുന്നത് നാടന്‍ പടക്കമാണെന്ന് സംശയിക്കുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications