കാടാമ്പുഴ ക്ഷേത്രത്തില്‍ പോയിട്ടില്ല: കോടിയേരി
തിരുവനന്തപുരം: താന്‍ കാടാമ്പുഴ ക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്രത്തിലെ ശത്രുസംഹാരപൂജയായ പൂമൂടല്‍ നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിഷേധിച്ചു.
എന്തിനാണ് ഞാന്‍ ഇത്തരമൊരു വഴിപാട് നടത്തുന്നത്? എനിക്ക് ശത്രുക്കളില്ല. ഇത്തരത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണം- കോടിയേരി പറഞ്ഞു.
ഇത്തരം പ്രചാരണങ്ങള്‍ നടക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ പ്രവേശനം നടത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്നത് നിര്‍ബന്ധമാക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
കോടിയേരി കാടാമ്പുഴ ക്ഷേത്രത്തില്‍ ശത്രുസംഹാരപൂജ നടത്തിയെന്ന വാര്‍ത്ത വിശ്വസിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു.
സിപിഎം വിമത പ്രസിദ്ധീകരണമായ ജനശക്തിയുടെ പുതിയ ലക്കത്തിലാണ് കഴിഞ്ഞ ജുലൈ 23 ന് കോടിയേരി ബാലകൃഷ്ണും മകന്‍ ബിജോയിയും കാടാമ്പുഴ ക്ഷേത്രത്തില്‍ ശത്രുസംഹാരത്തിനുള്ള പൂമൂടല്‍ വഴിപാട് നടത്തിയെന്ന് ആരോപിച്ചിരിക്കുന്നത്.
ശബരിമല ക്ഷേത്ര ദര്‍ശനത്തിന് വിഐപികള്‍ക്ക് പ്രത്യേക പരിഗണന വേണമോയെന്ന വിഷയം പരിഹണിക്കവേ ഹൈക്കോടതി കാടാമ്പുഴ ക്ഷേത്രത്തിലെ വിഐപി പരിഗണന ലഭിച്ചവരുടെ പട്ടിക ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാടാമ്പുഴ ക്ഷേത്രം ദേവസ്വം ചീഫ് എക്സിക്യട്ടീവ് ഓഫീസര്‍ മുദ്രയും ഒപ്പും വച്ച് പട്ടിക നല്‍കിയിരുന്നു.
ഈ പട്ടികയിലാണ് തലശേരി സ്വദേശി ഒരു ബാലകൃഷ്ണനും തൊട്ടടുത്തായി തലശേരി തിരുവങ്ങാട ചെറിയത്ത്താഴം ബാലകൃഷ്ണന്റെ മകന്‍ ബിയോയിയും ഉള്ളത്. പൂജ നടത്തിയ മറ്റെല്ലാവരുടെയും മേല്‍വിലാസമുണ്ടെങ്കിലും ബാലകൃഷ്ണന്‍ എന്നയാള്‍ക്ക് മാത്രം മേല്‍വിലാസം കൊടുത്തിട്ടില്ല. എന്നാല്‍ താഴെ മകന്‍ ബിജോയിയുടെ മേല്‍വിലാസമുണ്ട്.
വിലാസത്തില്‍ ചെറിയത്ത്താഴം എന്നാണ് സ്ഥലത്തിന്റെ പേര് കൊടുത്തിരിക്കുന്നത്. ഈ പേരില്‍ ഒരു സ്ഥലവും കണ്ണൂരിലില്ലെന്നും കോടിയേരിയുടെ വീടിനടുത്ത് പുല്ലയില്‍ത്താഴം എന്ന സ്ഥലമാണുള്ളതെന്നും ജനശക്തി ചൂണ്ടിക്കാട്ടുന്നു. ബാലകൃഷ്ണന്‍ എന്ന പേര്, മകന്‍ ബിജോയിയുടെ പേര്, തലശ്ശേരി എന്ന സ്ഥലം, വിഐപി പട്ടിക ഇവയെല്ലാം കൂട്ടിച്ചേര്‍ത്താണ് ജനശക്തി ഇത് കോടിയേരി ബാലകൃഷ്ണനാണെന്ന് ആരോപിക്കുന്നത്.












Click it and Unblock the Notifications