പരിയാരം ഭരണ സമിതി തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിനു നടത്തും. ഞായറാഴ്ച കോഴിക്കോട് നടന്ന ഭരണ സമിതി യോഗമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുത്തത്.
17 അംഗ ഭരണ സമതിയെയാണ് തിരഞ്ഞെടുക്കുക. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും. വ്യക്തിഗത അംഗങ്ങളായി 13പേരും സൊസൈറ്റി പ്രതിനിധികളായി മൂന്ന് പേരും അപെക്സ് സൊസൈറ്റി പ്രതിനിധിയായി ഒരാളെയുമാണ് തിരഞ്ഞെടുക്കുക. കൂടാത എംഡി, രജിസ്ട്രാര്‍ എന്നീ നോമിനേറ്റഡ് അംഗങ്ങളുമുണ്ടാകും. തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയ്ക്ക് യോഗം അംഗീകാരം നല്‍കി.
ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.വി രാഘവന്‍ ഉള്‍പ്പെടെയുള്ള 11 ഡയറക്ടര്‍മാരും പങ്കെടുത്തിരുന്നു.
നിശ്ചിത ക്വാറമില്ലെന്ന പേരില്‍ ഡിസംബര്‍ 22ന് പരിയാരം ഭരണസമിതി സര്‍ക്കാര്‍ പിരിച്ചു വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് എം.വി രാഘവനും ഏതാനും ഡയറക്ടര്‍മാരും ഹൈക്കോടതിയെ സമീപിച്ചതനുസരിച്ച് ജസ്റിസ് ജെ.എം ജയിംസ് പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയിരുന്നു.
ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് അപ്പീലുകളില്‍ പ്രാരംഭവാദം കേട്ട് ആക്ടിംഗ് ചീഫ് ജസ്റിസ് രാധാകൃഷ്ണന്‍, ജസ്റിസ് ആന്റണി ഡൊമിനിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സ്റേ ഉത്തരവ് നല്‍കാന്‍ വിസമ്മതിക്കുകയാണുണ്ടായത്.
സര്‍ക്കാരിന്റെ അപ്പീല്‍ ഫിബ്രവരി 12 ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം നിര്‍ണായകമായിരിക്കും.












Click it and Unblock the Notifications