കാവേരി: കേരളത്തിന് അര്‍ഹമായ ജലം ലഭിച്ചില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കാവേരീ ട്രിബ്യൂണലിന്റെ വിധിയില്‍ കേരളത്തിന് അര്‍ഹമായ ജലം ലഭിച്ചിട്ടില്ലെന്ന് ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായതിനു ശേഷമേ കൂടുതല്‍ പ്രതികരിക്കാനാവൂ. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളും.
കേരളത്തിന് 99.8 ടിഎംസി വെള്ളം ലഭിക്കേണ്ടതാണ്. എന്നാല്‍ 30 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോള്‍ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ കിട്ടിയിരിക്കുന്നതു പോലും നേരത്തെ ട്രിബ്യൂണല്‍ കണക്കാക്കിയതില്‍ നിന്നും 3.44 ടിഎംസി കുറവാണ്.
കേരളത്തിന് അര്‍ഹമായതില്‍ നിന്നും കുറച്ച് വെള്ളം അനുവദിച്ചത് ഉത്കണ്ഠാജനകമാണ്- അദ്ദേഹം പറഞ്ഞു.
കേരളത്തെസംബന്ധിച്ച് കബനി, ബാണാസുര സാഗര്‍, കാരാപ്പുഴ തുടങ്ങി 22 ജലപദ്ധതികള്‍ക്ക് വിധി ദോഷമാകും. അടിയന്തര പ്രാധാന്യമുള്ള മാനന്തവാടി, കേരള ഭവാനി ജലപദ്ധതികല്‍ക്ക് മാത്രം 30 ടിഎംസി വെള്ളം വേണം.
കബനീ നദിയില്‍ പന്ത്രണ്ടും, ഭവാനി, പാമ്പാര്‍ നദികളില്‍ അഞ്ചുവീതവും പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്. 22 പദ്ധതികള്‍ക്കുമായി 99.9 ടിഎംസി ജലമായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതില്‍ മൂന്നിലൊന്നില്‍ താഴെ ജലം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈസാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുകയോ ചിലതിന്റെ ശേഷി കുറയ്ക്കുകയോ ചെയ്യേണ്ടിവരും.












Click it and Unblock the Notifications