പെട്രോള്‍ പമ്പുകളില്‍ റെഡ്ക്രോസ് ചിഹ്നം ഉപയോഗിയ്ക്കരുതെന്ന് സൊസൈറ്റി
ദില്ലി: പെട്രോള്‍ പമ്പുകളില്‍ റെഡ്ക്രോസിന്റെ ചിഹ്നം ഉപയോഗിയ്ക്കുന്നത് നിര്‍ത്തണമെന്ന് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് പെട്രോള്‍പമ്പ് ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന് കത്തെഴുതിയിട്ടുണ്ടെന്ന് റെഡ്ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു.
1960ലെ ജനീവ കരാര്‍ പ്രകാരം റെഡ്ക്രോസിന്റെ ചിഹ്നം അനധികൃതമായി ഉപയോഗിയ്ക്കുന്നതും പകര്‍ത്തുന്നതും 500രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഈ ചിഹ്നം അനധികൃതമായി ഉപയോഗിയ്ക്കുന്ന വസ്തുക്കളും വാഹനങ്ങളും പിടിച്ചെടുക്കാനും അധികാരമുണ്ട്.
ചിഹ്നം ഉപയോഗിയ്ക്കന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റെഡ്ക്രോസ് സൊസൈറ്റിയുടെ കത്ത് കിട്ടിയിട്ടുണ്ടെന്നും അതിന്മേല്‍ നടപടിയെടുക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ എന്‍. ശ്രീകുമാര്‍ പറഞ്ഞു.
പമ്പുകളില്‍ മാത്രമല്ല കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട മെഡിക്കല്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലും ഈ ചിഹ്നം ഉപയോഗിയ്ക്കരുതെന്നും ജനവരി അവസാനം ലഭിച്ച കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ശ്രീകുമാര്‍ അറിയിച്ചു.
പലരും റെഡ്ക്രോസിന്റെ ചിഹ്നം മെഡിക്കല്‍ സേവനത്തിന്റെ ഭാഗമായാണ് കരുതുന്നതെന്നും അത് വെറുതെ ഉപയോഗിക്കുന്നത് തെറ്റാണെന്ന കാര്യം മിക്കവര്‍ക്കും അറിയില്ലെന്നും റെഡ്ക്രോസിന്റെ ദില്ലി ബ്രാഞ്ച് സെക്രട്ടരി ലെഫ്റ്റനന്റ് കേണല്‍ കിഷന്‍ ഗുലാത്തി പറഞ്ഞു.
ഡോക്ടര്‍മാരും മരുന്നുകടകള്‍, മൃഗാശുപത്രികള്‍ എന്നിവിടങ്ങളിലും ഈ ചിഹ്നം സാധാരണായായി ഉപയോഗിച്ചുവരുന്നുണ്ട്.












Click it and Unblock the Notifications