വയനാട്ടില്‍ 2006ല്‍ ആത്മഹത്യ ചെയ്തത് 344 പേര്‍
കല്‍പ്പറ്റ: ഇടതുകക്ഷികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ചുവടുപിടിച്ച് കടത്തിലമര്‍ന്ന ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാമെന്ന കര്‍ഷകരുടെ മോഹങ്ങള്‍ സര്‍ക്കാറിലുള്ള അവിശ്വാസത്തിലേക്കും അമര്‍ഷത്തിലേക്കും വഴിമാറുന്നു.
കര്‍ഷക ആത്മഹത്യയ്ക്കെതിരെയും കാര്‍ഷിക പ്രശ്നങ്ങള്‍ക്കെതിരെയും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുമെന്ന വാഗ്ദാനം സര്‍ക്കാര്‍ കാറ്റില്‍ പറത്തിയതോടെ വയനാട് ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ സാധാരണമാകുന്നു.
2006ല്‍ 87 സ്ത്രീകളടക്കം 344 പേരാണ് ജില്ലയില്‍ ആത്മഹത്യചെയ്തത്. 2005ല്‍ ജില്ലയില്‍ ആത്മഹത്യ ചെയ്തത് 320 പേരും 2004ല്‍ 302 പേരുമായിരുന്നു.
ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2006ല്‍ 76 പേര്‍ കാര്‍ഷിക കടങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് മാനസികനില തെറ്റി ആത്മഹത്യചെയ്തവരുടെ എണ്ണം 44 ആണ്. കുടുംബപരമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് 70 പേര്‍ ആത്മഹത്യ ചെയ്തത്.
39 പേര്‍ രോഗബാധയെത്തുടര്‍ന്നും അഞ്ചു പേര്‍ പ്രിയപ്പെട്ടവരുടെ വേര്‍പാട് മൂലവും നാല് പേര്‍ വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്നും 48 പേര്‍ മറ്റു പ്രശ്നങ്ങള്‍ കാരണവുമാണ് ആത്മഹത്യചെയ്തത്. 53 പേരുടെ ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആത്മഹത്യചെയ്തവരില്‍ ഭൂരിഭാഗം ആളുകളും 29നും 59നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ 206 പേര്‍ വിവാഹിതരാണ്. 161 പേര്‍ തൂങ്ങിമരിയ്ക്കുകയും 158 പേര്‍ വിഷം കഴിച്ച് മരിയ്ക്കുകയുമാണ് ചെയ്തത്.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഒട്ടുമിക്ക കര്‍ഷക സംഘടനകളും യുഡിഎഫ് ഭരണത്തിലിരുന്ന 2004ലും 2005ലും പലവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷക സംഘമാണ് മിക്കപ്പോഴും യുഡിഎഫ് ഭരണകാലത്ത് പ്രക്ഷോഭ പരിപാടികല്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ഇത്തരം പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
കര്‍ഷക പ്രശ്നങ്ങളില്‍ സിപിഎം ഇടപെട്ട രീതി കൊണ്ടുതന്നെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേന്ദ്രമായിരുന്ന വയനാട് ഇടതിനൊപ്പം നിന്നത്. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തിലേറുകയും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാറും മാറി മാറി പാക്കേജുകള്‍ പ്രഖ്യാപിയ്ക്കുകയും കേന്ദ്ര കൃഷിമന്ത്രിയടക്കമുള്ളവര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും ചെയ്തെങ്കിലും വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിയ്ക്കുകയാണ്.












Click it and Unblock the Notifications