കേരളത്തില്‍ മൂന്നാം മുന്നണി വരും: കരുണാകരന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇരുമുന്നണികള്‍ക്കും പുറമെ ഒരു മൂന്നാം മുന്നണിക്കായി ഒന്നിക്കാന്‍ സന്നദ്ധമായ പാര്‍ട്ടികളുണ്ടെന്നും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് അത് സംഭവിക്കുമെന്നും എന്‍സിപി നേതാവ് കെ.കരുണാകരന്‍.
ഈ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ താന്‍ ശ്രമിച്ചാല്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ ഒരു ശക്തിയാണ് താനെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി വലതുകരം പൊക്കിയ കരുണാകരന്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ എന്റെ കൈ പരിശോധിക്കാമെന്നും ഇപ്പോഴും എനിക്ക് വേണ്ട ശക്തിയുണ്ടെന്നും പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് മടങ്ങില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുരളി എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും അടഞ്ഞ അധ്യായങ്ങളല്ലെന്നും കരുണാകരന്‍ പറഞ്ഞു.
ശരത് പവാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. അത്തരമൊരു പിഴവ് പവാര്‍ വരുത്തിവയ്ക്കുമെന്ന് കരുതുന്നില്ല. പവാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെങ്കില്‍ പഴയ തെറ്റുകളില്‍ നിന്ന് അദ്ദേഹം ഒന്നും പഠിച്ചിട്ടില്ലെന്നു വേണം മനസിലാക്കാന്‍- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications