Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

ചെന്നൈ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ലാപ്ടോപ് ബാഗില്‍ നിന്നു അഞ്ചു വെടിയുണ്ടകള്‍ കണ്ടെടുത്തു. ചെന്നെ വിമാനത്താവളത്തിലെസുരക്ഷാപരിശോധനയ്ക്കിടയിലാണ് ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ശനിയാഴ്ച ദില്ലിയില്‍ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കേണ്ട പിണറായി വെള്ളിയാഴ്ച വൈകിട്ട് ആറിനുള്ള ജെറ്റ് എയര്‍വെയ്സ് 9 ഡബ്ലിയു 830 ദില്ലി ഫ്ലൈറ്റില്‍ പോകാനെത്തിയതായിരുന്നു.

വെടിയുണ്ട കണ്ടെടുത്തതിനെത്തുടര്‍ന്ന് പിണറായിയെ അല്‍പ്പനേരം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. തോക്കു കൈവശമില്ലായിരുന്നെങ്കിലും ലൈസന്‍സ് തിരുവനന്തപുരത്തുനിന്ന് ഫാക്സില്‍വരുത്തിയതിനാല്‍ അഞ്ച് 0.38 എംഎം കാലിബര്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പോകാനനുവദിച്ചു. എങ്കിലും അതേ വിമാനത്തില്‍ യാത്ര തുടരാന്‍ കഴിയാഞ്ഞ അദ്ദേഹം ശനിയാഴ്ച രാവിലെ 6.15ന്റെ ജെറ്റ് എയര്‍വേയ്സ് ഫ്ലൈറ്റിലാണ് ദില്ലിയ്ക്കു പോയത്.

വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്കാനറില്‍ ബാഗ് പരിശോധന നടത്തുമ്പോള്‍ സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെടുത്തത്.

തോക്ക് ലൈസന്‍സുണ്ടെന്നും വെടിയുണ്ട ബാഗില്‍ മറന്നുവച്ചതാണെന്നും പിണറായി സിഐഎസ്എഫ് അധികൃതരെ അറിയിച്ചു. പിടിച്ചെടുത്ത വെടിയുണ്ടകള്‍ സിഐഎസ്എഫ് അധികൃതര്‍ എയര്‍പോര്‍ട്ട് പൊലീസിനു കൈമാറിയിട്ടുണ്ട്. സ്മിത്ത് ആന്‍ഡ് ബസ്സന്‍, വെംബ്ലി സ്കോട്ട് തുടങ്ങിയ വിദേശ പിസ്റലുകളിലുപയോഗിക്കുന്നതാണു 0.38 എംഎം കാലിബര്‍ വെടിയുണ്ട.

കേരളത്തില്‍ സാധാരണ പൊലീസ്-എക്സൈസ് വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന സര്‍വീസ് പിസ്റളുകളിലാണു 0.38 എംഎം വെടിയുണ്ട ഉപയോഗിക്കാറുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തില്‍ തോക്കു ലൈസന്‍സുള്ളവര്‍ക്കു പൊതുവേ 0.22, 0.25, 0.32 എന്നീ കാലിബറുകള്‍ക്കാണ് അനുമതി നല്‍കാറുള്ളത്.

സിപിഎം സ്റേറ്റ് സെക്രട്ടറി ആന്‍ഡ് നാഷനല്‍ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബര്‍ എന്നു കാണിച്ചാണ് പിന്നീടു അദ്ദേഹം രേഖകള്‍ നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു തോക്കു കൈവശം വയ്ക്കാന്‍ ലൈസന്‍സ് കിട്ടിയതെന്നും 2009 വരെ ഇതു പുതുക്കിയിട്ടുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലിയ്ക്കു പോകാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു വെള്ളിയാഴ്ച രാവിലെ 11.30നു പാരമൗണ്ട് വിമാനത്തിലാണു പിണറായി ചെന്നൈയ്ക്കു പോയത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ വെടിയുണ്ട കണ്ടെടുത്തിരുന്നില്ല.

സാധാരണ ഏതു വ്യക്തിയെയും വിശദമായ ദേഹപരിശോധനയ്ക്കും ഹാന്‍ഡ് ബാഗ് എക്സ്റേ പരിശോധനയ്ക്കും വിധേയമാക്കിയാണ് വിമാനത്തിലേക്കു കടത്തി വിടുന്നത്. എന്നാല്‍ പിണറായി വിവിഐപി ആയതിനാല്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഈ രണ്ടു പരിശോധനയും നടത്തിയില്ലെന്നതാണ് ഇത് തെളിയിയ്ക്കുന്നത്.

വിമാനത്തിലെ ക്യാബിന്‍ ബാഗേജില്‍ (ഹാന്‍ഡ് ബാഗേജ്) തോക്കോ വെടിയുണ്ടയോ ഏതെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കളോ കൊണ്ടുപോകാന്‍ വ്യോമസുരക്ഷാ നിയമങ്ങള്‍ അനുവദിക്കുന്നില്ല. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളില്‍ ഏറ്റവും കര്‍ക്കശമായ നിലപാടുള്ളതും ഇവയുടെ കാര്യത്തിലാണ്. കൂര്‍ത്ത മുനയുള്ള ചെറിയ വസ്തുക്കള്‍ പോലും വര്‍ഷങ്ങളായി ക്യാബിന്‍ ബാഗേജുകളില്‍ അനുവദിക്കാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+