റെയില്‍വേ ഡിവിഷന്‍: കേരളവുമായി ചര്‍ച്ചയില്ലെന്നു കരുണാനിധി
ചെന്നൈ: പുതിയ സേലം റെയില്‍വെ ഡിവിഷന്‍ രൂപീകരണം സംബന്ധിച്ച് കേരളവുമായി ഒരു ചര്‍ച്ചക്കും തയ്യാറെല്ലന്നു തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി അറിയിച്ചു. സേലം ഡിവിഷന്റെ അധികാരപരിധിയിലും മറ്റും പുനരാലോചനയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര റെയില്‍ മന്ത്രി ലാലു പ്രസാദ് യാദവിനയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. പാലക്കാട് ഡിവിഷന്‍ വിഭജനനിര്‍ദ്ദേശം അടങ്ങിയ നിര്‍ദ്ദിഷ്ടപദ്ധതിക്കെതിരെ കേരളം ചില മുടന്തന്‍ന്യായങ്ങള്‍ ഉന്നയിച്ചത് തമീഴ് ജനതയെ ഞെട്ടിപ്പിച്ചതായും കരുണാനിധി ചൂണ്ടിക്കാട്ടി. പുതിയ ഡിവിഷനില്‍ കോയമ്പത്തൂരും പോത്തനൂരും ഉള്‍പ്പെടുത്തിയ പദ്ധതി ഉചിതമായി രൂപപ്പെടുത്തിയതാണെന്നും ഇതു തമിഴ് ജനതയുടെ സാമ്പത്തിക ഉന്നമനം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട പദ്ധതിയില്‍ എതെങ്കിലും തരത്തിലുളള മാറ്റം വരുത്തിയാല്‍ അത് തമിഴ്നാടിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കരുണാനിധി കത്തിലറിയിച്ചു. അതിനാല്‍ നിര്‍ദ്ദിഷ്ട പദ്ധതിയില്‍ മാറ്റം വരുത്തരുതെന്നും ഈ പ്രശ്നത്തില്‍ വീണ്ടുമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കരുണാനിധി വ്യക്തമാക്കി.
സേലം ഡിവിഷന്‍ പ്രവര്‍ത്തണം ഇതിനകം ആരംഭിച്ചു കഴിഞ്ഞതിനാല്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്ന് പിഎംകെ നേതാവ് ഡോ.എസ് രാംദാസ് അഭിപ്രായപ്പെട്ടിരുന്നു. പുനരാലോചന അനാവശ്യമാണെന്നും ചര്‍ച്ചയ്ക്കുളള ക്ഷണം തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പുതിയ ഡിവിഷനു കീഴിലുളള പ്രദേശങ്ങളെല്ലാം തന്നെ തമീഴ്നാടിനു കീഴിലായതിനാല്‍ ഡിവിഷന്‍ രൂപവത്കരണത്തെ കേരളം എതിര്‍ക്കേണ്ട കാര്യമില്ലെന്നും രാംദാസ് പറഞ്ഞു.












Click it and Unblock the Notifications