വെടിയുണ്ട: കേസെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ചെന്നൈ വിമാനത്താവളത്തില്‍ പിണറായി വിജയന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ലൈസന്‍സ് പുതുക്കുന്നതിനായി തോക്ക് നല്‍കിയപ്പോള്‍ മാറ്റിവച്ച വെടിയുണ്ട ബാഗില്‍ മറന്നുവച്ചതാണെന്നാണ് പിണറായി പറഞ്ഞത്. അതേ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ബാഗ് പരിശോധിച്ചപ്പോള്‍ വെടിയുണ്ട കണ്ടെത്താനായില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ രണ്ട് പ്രസ്താവനകളും ശരിയാവില്ല. ഒരാള്‍ പറയുന്നത് തെറ്റാണ്. ആര് പറയുന്നതാണ് ശരിയെന്ന് കണ്ടെത്തുന്നതിന് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് വേണ്ടത്.
സംഭവത്തിന് മാധ്യമങ്ങള്‍ അമിതപ്രാധാന്യം കൊടുക്കുന്നുവെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശരിയല്ല. കഴിഞ്ഞ വര്‍ഷം തപാല്‍ ബോംബ് കേസില്‍ നിരപരാധിയായ ഒരു കുട്ടിയെ പൊലീസ് അറസ്റ് ചെയ്തു. ഈ കുട്ടി നിരപരാധിയാണെന്ന് പിന്നീടാണ് ബോധ്യമായത്. എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് മറച്ചുവയ്ക്കാന്‍ കുട്ടിയുടെ വീട്ടില്‍ നിന്ന് ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തിയെന്ന് വരുത്തിത്തീര്‍ത്ത് ആയുധനിയമ പ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍ ഇവിടെ പിണറായി നിയമത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്.
ചട്ടമനുസരിച്ച് തോക്കിനുലള്ള ലൈസന്‍സ് പുതുക്കുമ്പോള്‍ വെടിയുണ്ടകളും നല്‍കേണ്ടതാണ്. എന്നാല്‍ വിജയന്‍ അത് ചെയ്തില്ല. സാധാരണ തോക്കില്‍ ആറ് ബുള്ളറ്റുകളാണുണ്ടാവുക. എന്നാല്‍ വിജയന്റെ കൈയില്‍ അഞ്ച് ബുള്ളറ്റുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു ഉണ്ട എവിടെപ്പോയി? ഇക്കാര്യത്തില്‍ ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ എവിടെ നിന്നാണ് തോക്ക് വാങ്ങിയതെന്നും മറ്റും വിജയന്‍ തന്നെ വിശദീകരിക്കുന്നതാണ് നല്ലത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications