ധനമന്ത്രിയുമായി ഭിന്നതയില്ലെന്ന് ഭക്ഷ്യമന്ത്രി
കൊല്ലം: ധനകാര്യമന്ത്രി തോമസ് ഐസക്കുമായി ഒരു ഭിന്നതയുമില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി സി.ദിവാകരന്‍. ധനമന്ത്രിയില്‍ നിന്നു നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്ന നടപടികളില്‍ ഐസക്കുമായി ഒരു ഭിന്നതയുമില്ലെന്നും ദിവാകരന്‍ പറഞ്ഞു.
ധനകാര്യവകുപ്പിനെതിരേയും ഐസക്കിനെതിരേയും ആരോപണങ്ങളുന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് പുതിയ നിലപാടുമായി ദിവാകരന്‍ രംഗത്തെത്തിയത്. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ടതായി തന്റെ പേരില്‍ വന്ന റിപ്പോര്‍ട്ട് തെറ്റിദ്ധാരണയുടെ ഫലമാണെന്ന് മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ 2004ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പൊതു വിപണിയെക്കാള്‍ 10 ശതമാനത്തിലേറെ വിലകുറച്ച് സര്‍ക്കാര്‍ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നയത്തെയാണ് ഞാന്‍ എതിര്‍ത്തത്. വില കുറയ്ക്കുന്നതിനായി ഇപ്പോഴത്തെ ധനമന്ത്രി 35 കോടി രൂപ അനുവദിച്ചു- -ദിവാകരന്‍ പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.ഒമ്പതു രൂപയ്ക്ക് പച്ചക്കറി കിറ്റ് നല്‍കുന്നത് സാര്‍വത്രികമാക്കുമെന്നും ഇതിനായി കൂടുതല്‍ പച്ചക്കറികള്‍ സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications