കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യക്കടലാസ് ചോര്‍ച്ച: പ്രത്യേക സംഘം അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ് എസ് എല്‍ സി മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തും.

വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം അന്വേഷണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.

തിരുവനന്തപുരം ഡിഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, ചൊവ്വാഴ്ചത്തെ കണക്ക് പരീക്ഷ, ബുധനാഴ്ചത്തെ സാമൂഹിക ശാസ്ത്രം പരീക്ഷ എന്നിവയുടെ ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍, ഇതേദിവസം നടത്തിയ ഹിന്ദി, ഭൗതികശാസ്ത്രം പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ തലസ്ഥാനത്തെ ചില സ്കൂളുകളില്‍ മാത്രമാണ് ചോദ്യ ചോര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഈ സ് കൂളുകളിലെ ചോദ്യം ചോര്‍ന്നു കിട്ടിയ വിദ്യാര്‍ഥികളുമായി സംസാരിച്ച ശേഷമാണ് ഡിഇഒ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താനാക്കാത്തതിനാല്‍ വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ മാത്രം മാതൃകാ പരീക്ഷ മാറ്റി വച്ചു. പകരം വ്യാഴാഴ്ചത്തെ രസതന്ത്രം, ജീവശാസ്ത്രം പരീക്ഷകള്‍ പുതിയ ചോദ്യക്കടലാസ് ഉപയോഗിച്ച് തിങ്കളാഴ്ച നടത്തും.

ഉചിതമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുകയെന്നും, മാതൃകാ പരീക്ഷയാണെങ്കിലും ചോര്‍ച്ചയെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃകാ പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കാത്ത സാഹചര്യത്തില്‍ കണക്ക്, സാമൂഹിക ശാസ്ത്രം പരീക്ഷകള്‍ വീണ്ടും നടത്തേണ്ടതില്ലെന്ന് നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് .

ഇത്തവണ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് തയ്യാറാക്കാനും അച്ചടിക്കാനും ഏല്‍പ്പിച്ചിരിക്കുന്നത് അധ്യാപക സംഘടനകളും അക്കാദമിക് കൗണ്‍സിലുകളും ഉള്‍പ്പെട്ട് ഏജന്‍സികളെയാണ്. ചോദ്യം തയ്യാറാക്കിയ ആള്‍, പരീക്ഷാഭവന്‍, ചോദ്യപേപ്പര്‍ അച്ചടിക്കുന്ന ഏജന്‍സികള്‍,സ്കൂളുകള്‍ എന്നീ നാലിടങ്ങളില്‍ നിന്നേ ചോദ്യം ചോരാന്‍ സാധ്യതയുളളൂ.

ആദ്യമായാണ് മാതൃകാ ചോദ്യക്കടലാസ് അച്ചടിക്കുന്ന ജോലി സര്‍ക്കാര്‍ ഏറ്റെടുത്തത്. പൊതു പരീക്ഷയുടെ അച്ചടികൂലിയും ചേര്‍ത്ത് കഴിഞ്ഞ തവണ നാലു കോടിയുടെ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനു ഉണ്ടായത്.അതുക്കൊണ്ട് ഇപ്രാവശ്യം മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് അച്ചടി അധ്യാപക സംഘടനകളെയും അക്കാദമിക് കൗണ്‍സിലുകളെയും ഏല്‍പ്പിക്കുകയായിരുന്നു.

എസ്എസ്എല്‍സിക്കായി തയ്യാറാക്കിയ നാലു സെറ്റ് ചോദ്യക്കടലാസുകളില്‍ നിന്ന് ഒരെണ്ണമെടുത്ത് പൊട്ടിച്ച് പരീക്ഷാഭവനില്‍ വച്ച് സിഡിയിലാക്കി ചോദ്യക്കടലാസ് അച്ചടിക്കുന്ന വിവിഎ ഏജന്‍സികള്‍ക്കു നല്‍കുകയായിരുന്നു. ബാക്കിയുളള സെറ്റുകളില്‍ ഒരെണ്ണമാണ് പൊതു പരീക്ഷയ്ക്ക ഉപയോഗിക്കുന്നത്.

ശേഷിച്ച രണ്ടു സെറ്റില്‍ ഒന്ന് സേ പരീക്ഷയ്ക്ക് ഉപയോഗിക്കും. എസ്എസ്എല്‍സിക്കും സേ പരീക്ഷയ്ക്കും എടുക്കുന്ന ചോദ്യക്കടലാസുകളുടെ കവര്‍ സെക്യൂരിറ്റി പ്രസില്‍വച്ചാണ് പൊട്ടിക്കുക. എന്നാല്‍,മോഡല്‍ പരീക്ഷയ്ക്ക് അത്തരം നിബന്ധനയില്ലാത്തതിനാല്‍ പരീക്ഷാഭവനില്‍ തന്നെ പൊട്ടിച്ച് സിഡിയിലാക്കുകയായിരുന്നു.

ചോദ്യചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തണമെങ്കില്‍ പോലീസ് അന്വേഷണം ആവശ്യമാണെന്നു വിദ്യാഭ്യാസ ഡയറ്കടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാതൃകാ പരീക്ഷയുടെയും എസ്എസ്എല്‍സിയുടെയും ചോദ്യക്കടലാസുകള്‍ തമ്മില്‍ ബന്ധമില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. പൊതു പരീക്ഷയ്ക്കുളള ചോദ്യക്കടലാസ് അച്ചടി എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും സെക്യൂരിറ്റി പ്രസില്‍ തുടങ്ങിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X