സുനാമി ഫണ്ട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: സുനാമി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണമെന്നും ഇതേക്കുറിച്ച് അന്വേഷിച്ച എം. വിജയനുണ്ണി കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കമ്മിഷന്റെ റിപ്പോര്‍ട്ട് ഞായറാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍തലത്തിലും തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വകമാറ്റി ചെലവഴിച്ചതിനെക്കുറിച്ചും പുനരധിവാസത്തിലെ അപാകതകളെക്കുറിച്ചും അന്വേഷിക്കാനാണ് നാലുമാസം മുമ്പ് മുന്‍ ചീഫ്സെക്രട്ടറി എം. വിജയനുണ്ണിയെ കമ്മിഷനായി നിയോഗിച്ചത്.
കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും ദുരന്തബാധിതര്‍ക്ക് ഇവ വേണ്ടരീതിയില്‍ ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വകുപ്പ് എത്ര രൂപയാണ് അനുവദിച്ചത്, ഇതില്‍ എത്ര ചെലവായി തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്കാണോ സഹായങ്ങള്‍ ലഭ്യമായത്, സഹായത്തിനായി ഇവര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ നിലനില്‍ക്കുന്നതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
മത്സ്യബന്ധന മേഖലയില്‍ ചെലവാക്കേണ്ട തുക പദ്ധതി നടത്തിപ്പിനും വകുപ്പുതല ചെലവുകള്‍ക്കുമായി മാറ്റി വിനിയോഗിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തലുകളെ ശരിവെയ്ക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.
റവന്യൂ ഉള്‍പ്പടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതിനാല്‍ ദുരന്തബാധിത പ്രദേശങ്ങള്‍ വേണ്ട രീതിയില്‍ സന്ദര്‍ശിക്കാന്‍പോലും സാധിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം സൂക്ഷ്മമായി അന്വേഷിക്കാന്‍ കഴിയാത്തതിനാലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയശേഷമാണ് മിക്ക ജില്ലാ കളക്ടര്‍മാരും ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയത്. എജി.യുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അത് നല്‍കിയില്ലെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications