ഗ്രെഗ് ചാപ്പലിന്റെ ആലപ്പുഴ സന്ദര്‍ശനം വിവാദമാകുന്നു
ആലപ്പുഴ: ഇന്ത്യന്‍ ക്രിക്കറ്റ് ടിം കോച്ച് ഗ്രെഗ് ചാപ്പലിന്റെ ആലപ്പുഴ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ സുരക്ഷാ പാളിച്ചകള്‍ വിവാദമാകുന്നു.
ഇന്ത്യന്‍ ഫോറിനേഴ്സ് ആക്ട് പ്രകാരം ചാപ്പലിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം. ആലപ്പുഴയില്‍ എത്തിയത് പൊലീസിനെ അറിയിച്ചില്ലെന്ന ആരോപണം ഉന്നയിച്ചായിരിക്കും ചാപ്പലിനെതിരെ കേസെടുക്കുക.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യം ചാപ്പലില്‍ നിന്നു തന്നെയായിരിക്കും മൊഴിയെടുക്കുക. ഇതിനായി പൊലീസ് സംഘം ബാംഗ്ലൂരിലേക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഗ്രെഗ് ചാപ്പലും ഭാര്യയും മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ആലപ്പുഴയില്‍ എത്തിയത്. മാധ്യമങ്ങളിലൂടെയാണ് ചാപ്പലിന്റെ സന്ദര്‍ശനവാര്‍ത്ത പൊലീസും മറ്റുള്ളവരും അറിഞ്ഞത്.
ചാപ്പല്‍ താമസിച്ച മുഹമ്മയിലെ റിസോര്‍ട്ട് അധികൃതരും സന്ദര്‍ശനവിവരം പൊലീസിനെ അറിയിച്ചിരുന്നില്ല. നിയമപ്രകാരം താമസസൗകര്യം ഒരുക്കുന്നവരാണ് വിദേശികളുടെ സന്ദര്‍ശനത്തെക്കുറിച്ച് പൊലീസില്‍ അറിയിക്കേണ്ടത്.
ചാപ്പലിന്റെ സന്ദര്‍ശനം അധികൃതര്‍ അറിയാതിരുന്നത് പൊലീസിന്റെയും ആലപ്പുഴയിലെ ടൂറിസം സംവിധാനത്തിലെയും പാളിച്ചകളിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ചാപ്പല്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നുവെങ്കിലും ജില്ലാ പൊലീസ് സൂപ്രണ്ട് തീര്‍ച്ചയായും വിവരം അറിഞ്ഞിരിക്കേണ്ടതാണ്.
പ്രധാനവ്യക്തികള്‍ ഈ രീതിയില്‍ എത്തിയാല്‍ റിസോര്‍ട്ട് ഉടമകള്‍, ഹൗസ് ബോട്ട് ഉടമകള്‍, ഏജന്‍സികള്‍ തുടങ്ങിയവര്‍ വിവരം പൊലീസില്‍ അറിയിക്കേണ്ടതാണ്. ഇതിന് മുമ്പ് ജാര്‍ഖണ്ഡ് എംഎല്‍എമാര്‍ ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയപ്പോഴും മാധ്യമങ്ങള്‍ വഴിയാണ് പൊലീസ് വിവരമറിഞ്ഞത്.
വിമാനത്താവളത്തില്‍ നിന്നോ മറ്റെവിടെ നിന്നോ ചാപ്പലിന്റെ സന്ദര്‍ശനം സംബന്ധിച്ച് തനിയ്ക്കറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് ഇ.ജെ ജയരാജ് പറഞ്ഞു. ഒരു വിഐപി എന്നനിലയ്ക്ക് സംരക്ഷണം നല്‍കേണ്ട വ്യക്തിയാണ് ചാപ്പല്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നവുമായി ബന്ധപ്പെട്ട് റെയിന്‍ബോ ക്രൂയ്സ് സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ കേസ് രജിസ്റര്‍ ചെയ്ത് നടപടികളെടുക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചിരുന്നു. ഇന്ത്യന്‍ വിദേശി ആക്ട് അനുസരിച്ച് വിവിരം നല്‍കാന്‍ വീഴ്ച വരുത്തി എന്നതാണ് കേസ്. ഇതില്‍ തുടര്‍നടപടികളെടുക്കുന്നതിനായി ആലപ്പുഴ നോര്‍ത്ത് സിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിവൈഎസ്പി പറഞ്ഞിരുന്നു.
ദിനം പ്രതി ലോകപ്രശസ്തരായ പല വിദേശികളും ആലപ്പുഴയില്‍ എത്തി മടങ്ങുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസോ രഹസ്യാന്വേഷണ വിഭാഗമോ അറിയാറില്ല. തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനാണ് പലപ്പോഴും സന്ദര്‍ശനവിവരം ഇവര്‍ പൊലീസില്‍ അറിയിക്കാത്തത്.












Click it and Unblock the Notifications